ന്യൂസ് ഡെസ്ക് , മലയാളം യുകെ
ചാൾസ് രാജാവിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനുള്ള ചികിത്സയ്ക്കിടെയാണ് അദ്ദേഹത്തിന് രോഗനിർണ്ണയം നടത്തിയത്. പക്ഷേ രാജാവിന് പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്നാണ് റിപ്പോർട്ടുകൾ. ഏത് വിഭാഗത്തിൽപ്പെട്ട ക്യാൻസർ ആണ് അദ്ദേഹത്തിന് പിടിപെട്ടത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.
ഇന്നലെ അദ്ദേഹത്തിന് ചികിത്സകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 75 കാരനായ രാജാവ് ചികിത്സകളെ വളരെ പോസിറ്റീവായാണ് കാണുന്നതെന്നും കഴിയുന്നത്ര വേഗത്തിൽ രോഗം സുഖം പ്രാപിച്ച് ഔദ്യോഗിക ചുമതലകളിലേയ്ക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.
രോഗനിർണ്ണയത്തെക്കുറിച്ച് രാജാവ് തന്നെ രണ്ടു മക്കളോടും വ്യക്തിപരമായി സംസാരിച്ചതായാണ് അറിയാൻ സാധിക്കുന്നത്. മൂത്ത മകനായ വെയിൽസ് രാജകുമാരൻ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. രണ്ടാമത്തെ മകനായ ഹാരി രാജകുമാരൻ ഉടൻതന്നെ പിതാവിനെ കാണാൻ യുകെയിലേയ്ക്ക് എത്തിച്ചേരും.
ചാൾസ് രാജാവ് തൻറെ പൊതു പരിപാടികൾ താൽക്കാലികമായി നിർത്തി വച്ചെങ്കിലും രാഷ്ട്ര തലവൻ എന്ന നിലയിലുള്ള സ്വകാര്യ മീറ്റിങ്ങുകളിലും മറ്റ് ഭരണഘടനാപരമായ കർത്തവ്യങ്ങളും തുടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശകരെ പരിമിതപ്പെടുത്തണമെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചില്ലെങ്കിൽ പ്രധാനമന്ത്രി ഋഷി സുനകുമായുള്ള അദ്ദേഹത്തിൻറെ പ്രതിവാര കൂടിക്കാഴ്ചകൾക്ക് തടസ്സമുണ്ടാകില്ല. രാഷ്ട്ര തലവന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ പകരമായി ഒരു ഭരണഘടന സംവിധാനമാണ് ബ്രിട്ടനിൽ നിലവിലുള്ളത്. നിലവിൽ കാമിലാ രാജ്ഞി, വില്യം രാജകുമാരൻ, റോയൽ രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവരാണ് ഇതിലെ അംഗങ്ങൾ.
Leave a Reply