ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കൂൾ അധികൃതരുടെ അനുമതിയില്ലാതെ ക്ലാസുകളിൽ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് വൻ തുക പിഴ കൊടുക്കേണ്ടതായി വരും. നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ട് ആയി പിഴ ഉയർത്താനാണ് തീരുമാനം. അടുത്ത സെപ്റ്റംബറിൽ പുതുക്കിയ പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

മഹാമാരിയുടെ സമയത്ത് ലോക്ഡൗണിനെ തുടർന്നുള്ള ഓൺലൈൻ ക്ലാസുകളും മറ്റും സ്റ്റുഡൻസിനെ ക്ലാസുകളിൽ ഹാജരാകുന്നതിൽ നിന്ന് മാനസികമായി അകറ്റിയതായും വിലയിരുത്തപ്പെടുന്നുണ്ട്. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർ നിലകൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈകൊണ്ടിരിക്കുന്നത്. കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടു.


എന്നാൽ നിയമം എന്ത് തന്നെയായാലും പിഴ ഈടാക്കുന്ന കാര്യത്തിൽ പ്രാദേശിക കൗൺസിലുകൾക്കനുസരിച്ച് ചില അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എത്ര തുക പിഴ നൽകണം, എപ്പോൾ പിഴ നൽകണം എന്നത് സ്കൂളുകൾ ഏത് സ്ഥലത്താണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ചില സ്ഥലങ്ങളിൽ കർശനമായി പിഴ ഈടാക്കുമ്പോൾ ചില സ്ഥലങ്ങളിൽ പിഴ മേടിക്കാറില്ല . എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.


വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ടേം ടൈം അവധികളോട് അനുബന്ധിച്ച് കുട്ടികൾ കൂടുതൽ ദിവസം ലീവ് എടുക്കുന്നതിന് പ്രധാനകാരണം മാതാപിതാക്കളാണ്. മാതാപിതാക്കളുടെ അവധി കാല യാത്രകളാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. സ്കൂളുകളുടെ വേനൽ കാല അവധികൾ കുറയ്ക്കാനുള്ള മാർഗനിർദേശം അടങ്ങിയ റിപ്പോർട്ട് സർക്കാരിന് നൽകിയതായുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പലപ്പോഴും വേനൽ കാല അവധി ദിനങ്ങളിലായിരുന്നു യുകെ മലയാളികൾ കേരളത്തിലെത്തിയിരുന്നത് . അവധി ദിനങ്ങൾ കുറയുന്നതും ക്ലാസിൽ ഹാജരായില്ലെങ്കിൽ വൻ തുക പിഴ കൊടുക്കേണ്ടി വരുന്നതും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.