ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് കെൻസിങ്ടണിൽ വൻ തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലെ 5 നില കെട്ടിടത്തിനാണ് തീപിടിച്ചത് . സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് 170 ഓളം പേരെ ഒഴിപ്പിച്ചു.

 

അഞ്ച് നില കെട്ടിടത്തിലെ താഴത്തെ നിലയിൽ ആയിരുന്നു അഗ്നിബാധ ആരംഭിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർന്ന തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. തീപിടുത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


15 ഫയർ എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്. കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചെന്നും എൽ എഫ് ബി അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായി സ്റ്റേഷൻ കമാൻഡർ സ്റ്റീവ് കോളിൻസ് പറഞ്ഞു . തീപിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.