ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യവും ലക്ഷ്യം വച്ച് എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന ഒട്ടേറെ പേരുടെ ജീവിതാനുഭവങ്ങൾ മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പലരും എൻഎച്ച്എസിലെ ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതും പതിവായിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലുള്ളത് യുകെയിലെ ആതുര ശുശ്രൂഷ മേഖലയിലെ ശമ്പള കുറവും അധിക ജോലി ഭാരവുമാണ് .
എന്നാൽ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ തയാറെടുക്കുന്ന നേഴ്സുമാരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ വെസ്റ്റ്‌മീഡ് ഹോസ്പിറ്റലിലെ ന്യൂറോളജി ആൻഡ് ട്രോമ യൂണിറ്റിൽ ജോലി ചെയ്തിരുന്ന 34 കാരിയായ നേഴ്സ് മോശം ശമ്പളവും ജോലിഭാരവും കാരണം ജോലി ഉപേക്ഷിച്ച് ലൈംഗിക തൊഴിലാളിയായി ജീവിതം ആരംഭിച്ചതായാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വേതനവും കസ്റ്റമേഴ്സിൽ നിന്ന് മികച്ച പരിഗണനയും കിട്ടുന്നതായി 2 വർഷം മുമ്പ് നേഴ്സിംഗ് ജോലി ഉപേക്ഷിച്ച ആമി ഹാൽവോർസെൻ പറഞ്ഞു.
ആമിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല . കഴിഞ്ഞ 2 വർഷത്തിനിടയ്ക്ക് 75,000 ഓസ്ട്രേലിയൻ നേഴ്സുമാർ തൊഴിൽ ഉപേക്ഷിച്ചതായാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. ഇവരിൽ ചിലരൊക്കെ ഇപ്പോൾ ലൈംഗിക തൊഴിലാളികളായി പ്രവർത്തിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പിരിഞ്ഞുപോയ നേഴ്സുമാരിൽ പലരും തങ്ങളുടെ ശമ്പളത്തിൽ കടുത്ത അതൃപ്തി ഉള്ളവരാണെന്നാണ് സൂചന . നേഴ്സിംഗ് ജോലി ഉപേക്ഷിച്ച ചിലരൊക്കെ ആടു കൃഷി ഉൾപ്പെടെയുള്ള മേഖലയിലേയ്ക്ക് ചേക്കേറിയതായി റിപ്പോർട്ടുകളുണ്ട്. പലപ്പോഴും മറ്റുപല മേഖലകളിൽ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് തൊഴിൽപരമായ അക്രമം നേഴ്സുമാർ അനുഭവിക്കുന്നതായി ഓസ്ട്രേലിയൻ കോളേജ് ഓഫ് നേഴ്സിംഗ് സിഇഒ ഡോ. കൈലി വാർഡ് പറഞ്ഞു.
Leave a Reply