ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിറ്ററേനിയൻ കടലിൽ 60 അനധികൃത കുടിയേറ്റക്കാർ ദാരുണമായി മരണമടഞ്ഞ റിപ്പോർട്ടുകൾ പുറത്തുവന്നു. അതിജീവിച്ച 25 പേരെ രക്ഷപ്പെടുത്തി. ഓഷ്യൻ വൈക്കിംഗ് എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് .
അനധികൃത കുടിയേറ്റത്തിനായുള്ള ശ്രമത്തിനിടെ യാത്ര ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് അലക്ഷ്യമായി ഒഴുകി നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും ഒരു കുട്ടിയുമുണ്ടെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം. സാധാരണ അനധികൃത കുടിയേറ്റ അപകടമരണങ്ങൾ കടലിൽ മുങ്ങി മരിച്ചാണ് സംഭവിക്കുന്നത് . എന്നാൽ നിർജലീകരണവും വിശപ്പും മൂലമാണ് 60 പേരും മരിച്ചത് എന്നാണ് രക്ഷപ്പെട്ടവർ പറഞ്ഞത് .
അതിജീവിച്ചവരുടെയും ആരോഗ്യനില വളരെ മോശമാണെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ അറിയിച്ചത്. രക്ഷപ്പെട്ടവർ പലരും അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായ അവസ്ഥയിലുള്ള രണ്ടുപേരെ കൂടുതൽ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ സിസിലിലേയ്ക്ക് കൊണ്ടുപോയി. ഈ വർഷം ഇതുവരെ 300 മരണങ്ങളാണ് അനധികൃത കുടിയേറ്റത്തെ തുടർന്ന് ഉണ്ടായത്
Leave a Reply