ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൾസ് രാജാവ് മരിച്ചതായി റഷ്യൻ മാധ്യമങ്ങൾ വ്യാജവാർത്ത പുറത്തുവിട്ടു. ഇന്നലെ ഉച്ചയോടെയാണ് റഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത വന്നത്. ഒരുകാലത്ത് റഷ്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന വെഡോമോസ്റ്റി എന്ന പത്രം ഉപയോഗിച്ചിരുന്ന സമൂഹമാധ്യമത്തിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്
സൈനിക യൂണിഫോമിലുള്ള രാജാവിൻറെ ചിത്രത്തിനു താഴെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ മരിച്ചു എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. 2.35 ദശലക്ഷം വരിക്കാരുള്ള ടെലഗ്രാം ചാനലായ റീഡോവ്ക ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇത് ഏറ്റ് പിടിച്ചത് വാർത്തയ്ക്ക് വൻ പ്രാധാന്യം ആണ് നൽകിയത് . റഷ്യയിലെ ഔദ്യോഗിക ഭരണ നേതൃത്വത്തോട് ചായ്വുള്ള മാധ്യമമായാണ് റീഡോവ്ക അറിയപ്പെടുന്നത്. വാർത്ത സൃഷ്ടിച്ചവർ എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയ്ക്ക് സമാനമായ രീതിയിലാണ് ചിത്രങ്ങളും വാർത്തയും രൂപകല്പന ചെയ്തത്.
“ഗ്രേറ്റ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് മരിച്ചു . ബക്കിംഗ് ഹാം കൊട്ടാരമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജാവിന് 75 വയസ്സായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയത് “. റഷ്യൻ വെബ്സൈറ്റ് ആയ ഗസറ്റ. റു ഇങ്ങനെയാണ് വാർത്ത നൽകിയത് . എന്നാൽ പിന്നീട് ഈ വാർത്ത എഡിറ്റ് ചെയ്ത് ഔദ്യോഗിക ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലെന്നും വാർത്ത വ്യാജമാണെന്ന് തോന്നുന്നതായും അവർ കൂട്ടിച്ചേർത്തു. റഷ്യയിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ ഉക്രൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.
ചാൾസ് രാജാവിന്റെ മരണവാർത്ത വ്യാപകമായ പ്രചരിപ്പിച്ചതിന് പിന്നിൽ റഷ്യയിലെ ഭരണനേതൃത്വത്തിന് പങ്കുണ്ടോ എന്നത് വ്യക്തമല്ലെന്ന് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.റഷ്യയുടെ ഭരണ നേതൃത്വത്തിനോട് അടുപ്പമുള്ള ഉക്രൈൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലാണ് വാർത്ത വന്നത് എന്നതാണ് ഈ വാദം ശക്തമാകാൻ കാരണം. വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് റഷ്യയിലെയും ഉക്രൈയിനിലെയും ബ്രിട്ടീഷ് അംബാസിഡർമാർ വാർത്താ വ്യാജമാണെന്ന പ്രസ്താവന ഇറക്കേണ്ടി വന്നു
Leave a Reply