തുടർച്ചയായ 5-ാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . നിലവിലെ പലിശ നിരക്കായ 5.25 % എന്നത് കുറയ്ക്കാനുള്ള സമയമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. ഇപ്പോൾ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ 8 പേരും പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരാൾ മാത്രം പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി . ഉപഭോക്ത വിലകൾ വർദ്ധിക്കുന്നതിന്റെ വേഗത കുറയുന്നതിനാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിലനിർത്തണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞദിവസം യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നത് രാജ്യമൊട്ടാകെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതൽ പ്രോത്സാഹജനകമായ സൂചനകൾ താൻ കണ്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വേനൽക്കാലത്ത് പണപ്പെരുപ്പം 2% താഴെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷവും ചെങ്കടലിലെ ചരക്കുകൾ ഗതാഗതത്തിൽ ഉണ്ടാകുന്ന തടസ്സവും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്ന വസ്തുത നിലവിലുണ്ട്. ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും എന്നാൽ കാര്യങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു.
Leave a Reply