ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുകെയുടെ പല ഭാഗത്തും ഏപ്രിൽ 1 മുതൽ നിലവിൽ വന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ വാഹനങ്ങൾ ഓടിക്കുന്നവർ തികച്ചും ശ്രദ്ധയോടെ കാണേണ്ടുന്നവയാണ്. സ്‌കോട്ട്‌ ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിൽ വാഹനമോടിക്കുന്നവർ നടപ്പാതകളിൽ അഥവാ പേവ്മെന്റുകളിൽ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി കഴിഞ്ഞു. ഇത്തരത്തിൽ നടപ്പാതകളിൽ പാർക്ക് ചെയ്യുന്നത് വീൽചെയർ ഉപയോഗിക്കുന്നവർക്കും വഴി നടക്കുന്നവർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ തുടർന്നാണ് പുതിയ നിയമങ്ങളിൽൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പേവ്മെന്റ് പാർക്കിംഗ് നിരോധിക്കാനായി തങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന ലോക്കൽ കൗൺസിലുകളുടെ ആവശ്യത്തെ സർക്കാർ മാനിക്കുകയായിരുന്നു. ലണ്ടനിൽ മാത്രമായിരുന്നു മുൻപ് പേവ്മെന്റ് പാർക്കിങ്ങുകൾ നിരോധിച്ചിരുന്നത്. എന്നാൽ യു കെയുടെ പല ഭാഗങ്ങളിലും പുതിയ നിയമങ്ങൾ ഈ മാസത്തോടെ നിലവിൽ വരും. എന്നാൽ നിയമങ്ങൾ നടപ്പിലാക്കണോ വേണ്ടയൊ എന്ന തീരുമാനം ലോക്കൽ കൗൺസിലുകളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമാണ് സ്കോട്ട് ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നിയമങ്ങൾ കാൽനടയാത്രക്കാർക്കും എളുപ്പം സഞ്ചരിക്കാൻ സഹായിക്കുമെന്ന് കൗൺസിൽ മേധാവികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്ന അഭിപ്രായങ്ങൾ ഉന്നയിക്കുന്ന കൗൺസിൽ അംഗങ്ങളും ഉണ്ട്. ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ പ്രയാസകരമാണെന്ന് മറ്റൊരു കൗൺസിലറായ ഡെറക് മില്ലിഗൻ പറഞ്ഞു. ചിലയിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് നടപ്പിലാക്കാൻ ആവശ്യമായ ട്രാഫിക് വാർഡൻമാരുടെ അഭാവവും സംഗതികൾ പ്രശ്നത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും മിഡ്‌ലോത്തിയൻ ലോക്കൽ കൗൺസിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ പുതിയ നിയമങ്ങൾ അംഗീകരിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 100 പൗണ്ട് ഫൈൻ ഈടാക്കാനാണ് തീരുമാനം. എന്നാൽ 14 ദിവസത്തിനുള്ളിൽ ഫൈൻ അടയ്ക്കുവാൻ തയ്യാറായാൽ ഇത് 50 പൗണ്ട് ആയി കുറച്ചു നൽകാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ യു കെ യുടെ പല ഭാഗങ്ങളിലും ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ കൗൺസിൽ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.