ന്യൂസ് ഡെസ്ക്, മലയാളം യുകെ

കരീബിയൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട. സ്പീഡ് ബോട്ടിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ബ്രിട്ടീഷ് നാവികരും യുഎസ് കോസ്റ്റ് ഗാർഡും ഉൾപ്പെട്ട സംഘമാണ് പിടിച്ചെടുത്തത്. 17 മില്യൺ പൗണ്ടിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മയക്കു മരുന്ന് പിടിച്ചെടുത്തതിന് നേതൃത്വം നൽകിയ നാവികസേനയുടെ പ്രവർത്തനങ്ങളെ പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് അഭിനന്ദിച്ചു.

എച്ച്എംഎസ് ട്രെൻ്റ് യുദ്ധക്കപ്പലിലെ നാവികരാണ് മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. രണ്ട് ഓപ്പറേഷനുകളിലായി 200 കിലോഗ്രാം കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും ആണ് എച്ച്എംഎസ് ട്രെന്റിലെ നാവികർ പിടിച്ചെടുത്തത് . 2023 അവസാനം മുതൽ കരീബിയൻ കടലിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ ഇതുവരെ 307 മില്യൺ പൗണ്ട് വിലമതിക്കുന്ന മയക്കു മരുന്ന് ബ്രിട്ടീഷ് റോയൽ ആർമി പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ