ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിലെ വടക്ക് കിഴക്കൻ തുറമുഖമായ ബാർസലോണയിൽ ക്രൂയിസ് കപ്പലിൽ എത്തിയ 60 അധികം വരുന്ന ബൊളീവിയൻ യാത്രക്കാരെ വ്യാഴാഴ്ചയോടെ മോചിപ്പിക്കാൻ ഒരുങ്ങി സ്പെയിൻ. നേരത്തെ ഇവരുടെ വിസ വ്യാജമാണ് എന്ന് ചൂണ്ടിക്കാട്ടി മോചനം അനുവദിച്ചിരുന്നില്ല. കപ്പലിൽ ഉണ്ടായിരുന്ന 69 ബൊളീവിയൻകാരിൽ 65 പേരെ ബൊളീവിയൻ നഗരമായ സാന്താക്രൂസിലേക്ക് കൊണ്ടുപോകുമെന്ന് ബാർസിലോണയിലെ സ്പാനിഷ് സർക്കാർ അധികൃതർ അറിയിച്ചു. ഇവർക്ക് തിരിച്ചുപോകാനുള്ള വിമാനത്തിൻറെ ടിക്കറ്റ് കപ്പലിൻ്റെ ഉടമസ്ഥ കമ്പനിയായ എംഎസ്സി ക്രൂയിസസ് ആയിരിക്കും നൽകുക. അതേസമയം ബൊളീവിയൻ യാത്രക്കാരിൽ നാലുപേർക്ക് സ്പെയിനിൽ ബന്ധുക്കൾ ഉള്ളതിനാൽ അവരെ സ്പെയിനിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി നൽകും. ബൊളീവിയക്കാരുടെ വിസയിലുള്ള പ്രശ്നങ്ങൾ മൂലം കപ്പലിലുള്ള ആയിരത്തോളം വരുന്ന യാത്രക്കാർക്ക് രണ്ടുദിവസത്തോളം ബാർസലോണയിൽ കുടുങ്ങി കിടക്കേണ്ടതായി വന്നു.
വ്യാജ പാസ്പോർട്ടുമായി ബൊളീവിയക്കാരെ മറ്റൊരു കപ്പലിലേക്ക് താൽക്കാലികമായി താമസിപ്പിച്ചതിനുശേഷമാണ് കപ്പൽ യാത്ര തുടർന്നത്. ബ്രസീലിൽ വെച്ച് ബോളിവിയൻ യാത്രക്കാരുടെ ഡോക്യുമെന്റേഷനുകൾ എല്ലാം തന്നെ ശരിയായിരുന്നു എന്ന് എംഎസ്സി ക്രൂയിസ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു. എം എസ്സി അർമോണിയ ആയിരത്തിലധികം യാത്രക്കാരുമായി വ്യാഴാഴ്ചയാണ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചത്. കപ്പലിൽ വ്യാജ വിസയുമായുള്ള ബോളിവിയൻ യാത്രക്കാർ ഉള്ളതായി റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സ്പാനിഷ് സർക്കാർ തിരച്ചിൽ നടത്തിയത്.
Leave a Reply