ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ ഇസ്രയേലിനെ ലക്ഷ്യം വെച്ച് അയച്ച നിരവധി ഡ്രോണുകളെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ തകർത്തതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ബ്രിട്ടന്റെ ആർ എ എഫ് ഫൈറ്റർ ജെറ്റുകളാണ് ഇറാന്റെ ആക്രമണത്തെ നേരിടാൻ തുണയായത്. ആർ എ എഫ് ജെറ്റുകൾ കൂടുതലും ഇറാഖിലും സിറിയയിലും ആണ് വിന്യസിച്ചിരിക്കുന്നത്.
ഇറാന്റെ ആക്രമണത്തെ അപക്വമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ജി 7 രാഷ്ട്രങ്ങൾ യോഗം ചേരുന്നുണ്ട്. ഇറാൻ നൂറുകണക്കിന് വ്യോമ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ആണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്.
ഇറാന്റെ ആക്രമണങ്ങൾ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമാതിർത്തിക്ക് പുറത്തു വച്ചു തന്നെ പരാജയപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഉന്നത കമാൻഡർ ഉൾപ്പെടെ ഏഴ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് തിരിച്ചടിയയാണ് ഇറാൻ്റെ ആക്രമണം. ഈ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നാണ് ഇറാൻ സർക്കാർ ആരോപിക്കുന്നത് . എന്നാൽ ഇസ്രായേൽ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
Leave a Reply