ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞതിന്റെ ചുവടുപിടിച്ച് യുകെയിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. മാംസം, നുറുക്കുകൾ, ചോക്കലേറ്റ് ബിസ്‌ക്കറ്റുകൾ തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് പണപ്പെരുപ്പം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കാൻ സഹായിച്ചത് . ഔദ്യോഗിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക 3.4 ശതമാനത്തിൽ നിന്ന് മാർച്ച് വരെയുള്ള വർഷത്തിൽ 3.2 ശതമാനമായി കുറഞ്ഞു.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒ എൻ എസ് ) കണക്കുകൾ പ്രകാരം ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മിക്ക ഭക്ഷ്യ ഉത്പന്നങ്ങളുടെയും വിലക്കയറ്റം കുറഞ്ഞു. ബ്രഡ്, ധാന്യങ്ങൾ എന്നിവയിൽ ചെറിയതോതിലുള്ള വർദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ ഫെബ്രുവരി മുതൽ മാർച്ച് വരെ ഇറച്ചി വില 0.5% കുറഞ്ഞു. ഈ വിഭാഗത്തിൽ ഒരു വർഷം മുമ്പ് 1.4% വർദ്ധനവായിരുന്നു ഉണ്ടായിരുന്നത് . പന്നിയിറച്ചി ഉൽപ്പന്നങ്ങളിലും വലിയ തോതിൽ വില കുറഞ്ഞത് പണപ്പെരുപ്പം കുറയുന്നതിന് കാരണമായിട്ടുണ്ട്.
അടുത്ത കാലത്തായി യുകെയിലെ ഉയർന്ന പണപ്പെരുപ്പത്തിന് പിന്നിലെ പ്രധാന കാരണം കുതിച്ചുയരുന്ന ഭക്ഷണ, ഊർജ്ജ ബില്ലുകളാണ്. കോവിഡ് മഹാമാരിയും റഷ്യ ഉക്രൈനെ ആക്രമിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വില കുതിച്ചു കയറുന്നതിന് കാരണമായിട്ടുണ്ട്. മെയ് 9 നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് സംബന്ധിച്ച അടുത്ത തീരുമാനം എടുക്കുന്നത്. പണപ്പെരുപ്പം 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം . അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . പലിശയും മോർട്ട്ഗേജ് നിരക്കുകളും കുറയുകയാണെങ്കിൽ അത് ഭരണപക്ഷത്തിന് അനുകൂലമായ ജനവികാരം രൂപപ്പെടുത്താൻ സഹായിക്കും.
Leave a Reply