ന്യൂസ് ഡെസ്ക്, മലയാളം യുകെ
ട്രെയിൻ യാത്രയിൽ ഉറങ്ങുകയായിരുന്നു യാത്രക്കാരിയുടെ മോശമായ ഫോട്ടോകൾ എടുത്ത ട്രെയിൻ ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി . 2022 സെപ്റ്റംബറിൽ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ട്രെയിൻ ഡ്രൈവർ ആയ പൗലോ ബറോള്‍ ആണ് പ്രതി. ലണ്ടൻ ബ്ലാക്ക്‌ഫ്രിയേഴ്സിൽ നിന്ന് ഹെർട്ട്‌ഫോർഡ്‌ഷയറിലെ സെൻ്റ് ആൽബൻസിലേക്ക് പോകുന്ന ട്രെയിനിൽ ഉറങ്ങുകയായിരുന്ന 51 കാരിയായ സ്ത്രീയുടെ ഫോട്ടോകൾ ആണ് ഇയാൾ എടുത്തത്. 45 മിനിറ്റ് യാത്രയിലുടനീളം യൂണിഫോം ധരിച്ച ഇയാൾ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന സഹയാത്രികരുടെ ഫോട്ടോകൾ ആവർത്തിച്ച് എടുത്തതായി കണ്ടെത്തുകയായിരുന്നു.
സഹയാത്രികയുടെ നഗ്നത പകർത്തുന്ന രീതിയിലാണ് ഇയാൾ എടുത്ത പല ഫോട്ടോകളും. നിന്ദ്യമായ പ്രവർത്തി എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം ഫോട്ടോകൾ എടുക്കുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമം 5 വർഷം മുമ്പ് യുകെയിൽ നിലവിൽ വന്നിരുന്നു . രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് .
വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മൂന്ന് ഫോണുകളും ഒരു കമ്പ്യൂട്ടറും പിടിച്ചെടുത്തിരുന്നു . കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്കും 12 മാസത്തേയ്ക്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ 55 മണിക്കൂർ ദൈർഘ്യമുള്ള റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ഏഴ് വർഷത്തേയ്ക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പിടുകയും വേണം.
Leave a Reply