ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് ഷെയറിലെ ഒരു പബ്ബിലെ കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാനിൽ നിന്ന് 40 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് 4 പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷെയറിലെ സ്റ്റാഗ്സ് ഹെഡ് ഇന്നിന്റെ കാർ പാർക്കിലാണ് 500 കിലോയോളം വരുന്ന മയക്കു മരുന്ന് പോലീസ് പിടിച്ചെടുത്തത്.
കടലിൽ നിന്ന് ഒരു ബോട്ടിൽ മയക്കുമരുന്നുകൾ തീരത്തേയ്ക്ക് കടത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത് . ബോട്ട് പിന്നീട് ഈസിംഗ്ടൺ ബീച്ചിൽ ഉപേക്ഷിച്ചതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു. മയക്കുമരുന്ന് കണ്ടെത്തിയ പബ്ബ് ബീച്ചിൽ നിന്നും ഏകദേശം 18 മൈൽ അകലെയാണ്. പിടിച്ചെടുത്ത മയക്കുമരുന്നുകൾ യുകെയിൽ ഉടനീളം വിറ്റഴിക്കാനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്ന് എൻ സി എ അറിയിച്ചു.
മയക്കുമരുന്ന് കടത്താൻ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന ആർഗിൽ സ്വദേശിയായ 22 കാരനും ഒബാനിൽ നിന്നുള്ള 32 കാരനും സ്കോട്ട് ലൻഡിലെ കാംബെൻട്യൂണിൽ നിന്നുള്ള 24 കാരനും കസ്റ്റഡിയിൽ ഉണ്ട് . ഇതുകൂടാതെ കൊളംബിയയിൽ നിന്നുള്ള 39 വയസ്സുള്ള ഒരാളും അറസ്റ്റിലായിട്ടുണ്ട്. എൻസിഎ നടത്തിയ വിപുലമായ മയക്കുമരുന്ന് വേട്ടയ്ക്ക് ഹംബർസൈഡ് പോലീസിന്റെയും യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റിന്റെയും ബോർഡർ ഫോഴ്സിന്റെയും പിന്തുണയും ഉണ്ടായിരുന്നു .
Leave a Reply