ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹമാസ് ബന്ദിയാക്കിയ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ബ്രിട്ടീഷ്-ഇസ്രായേൽ പൗരനായ നദവ് പോപ്പിൾവെൽ ഒരു മാസം മുമ്പ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഏറ്റ മുറിവുകൾ മൂലമാണ് മരിച്ചതെന്ന് ഹമാസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 51 കാരനായ പോപ്പിൾവെലിനെ ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിലെ നിരീം കിബ്ബട്ട്സിൽ നിന്നാണ് ബന്ദിയാക്കിയത് . ഹമാസിൻ്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് മുമ്പ് പുറത്തുവിട്ട ഒരു വീഡിയോയിൽ ഇദ്ദേഹത്തിന് പരുക്ക് പറ്റിയ ദൃശ്യങ്ങളും ഉണ്ടായിരുന്നു.

പോപ്പിൾവെല്ലിനെയും അദ്ദേഹത്തിന്റെ അമ്മ ചന്ന പെരിയെയും (79) ഒക്‌ടോബർ 7 ന് അവരുടെ വസതിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത് . അദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ റോയി അന്നത്തെ ആക്രമണത്തിൽ മരിച്ചു. നവംബർ 24-ന് ചന്ന പെരിയെ മോചിപ്പിച്ചിരുന്നു . ഹോസ്റ്റേജ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ അടുത്തിടെ പുറത്തിറക്കിയ ഹമാസ് വീഡിയോ പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. മരണമടഞ്ഞ പോപ്പിൾവെൽ ശാസ്ത്ര നോവൽ സാഹിത്യകാരനായി പേരെടുത്ത ആളാണ്.

പോപ്പിൽവെല്ലിൻറെ മരണവാർത്ത കടുത്ത സമ്മർദ്ദമാണ് യുകെയിലെ ഭരണനേതൃത്വത്തിന് നൽകിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടിയന്തരമായി അന്വേഷിക്കുകയാണെന്ന് വിദേശകാര്യ ഓഫീസിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ മേഖലയിലുടനീളമുള്ള പങ്കാളികളുമായി പ്രവർത്തിക്കുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യുമെന്ന് വക്താവ് പറഞ്ഞു. ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിനിടെയാണ് ഗാസ മുനമ്പിലേക്ക് ഏകദേശം 250 വ്യക്തികളെ തട്ടിക്കൊണ്ടുപോയത്. ഇസ്രായേലിന്റെ കണക്ക് അനുസരിച്ച് 128 പേർ പലസ്തീൻ പ്രദേശത്ത് തടവിൽ കഴിയുന്നതായി റിപ്പോർട്ടുണ്ട്. ഇതിൽ 36 പേർ മരിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു.