ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 204 -ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.
കെയർ മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളികളും കേരളത്തിൽ നേഴ്സുമാരായി ജോലി ചെയ്തിരുന്നവരാണ്. എന്നാൽ ഇന്ന് മാറിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ തങ്ങളുടെ ഭർത്താവിനെയോ ഭാര്യയെയോ മക്കളെയോ കൊണ്ടുവരാൻ സാധിക്കില്ല. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് യുകെയിൽ കെയർ മേഖലയിൽ എത്തിയ മലയാളികൾക്കാണ്. ഇത് കൂടാതെയാണ് കഴിഞ്ഞ ദിവസം ചില കെയർ ഹോം നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കിയതിനു പിന്നാലെ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റ് സ്പോൺസറെ കണ്ടെത്തി ജോലി സമ്പാദിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന് ന് ഹോം ഓഫീസ് നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിൽ പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നവർ ലക്ഷങ്ങളാണ് കെയർ വിസ ലഭിക്കാൻ വേണ്ടി ഏജൻസികകൾക്ക് നൽകിയിരിക്കുന്നത്.
എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.
Leave a Reply