ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലെ കണക്ക് അനുസരിച്ച് യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 4.3 ശതമാനം ഉയർന്നതായുള്ള കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെ നിരക്ക് കൂടിയതോടൊപ്പം തൊഴിലവസരങ്ങളും കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ കൂടുതൽ തൊഴിലില്ലാത്ത ആളുകൾ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ് രാജ്യത്ത് നിലവിൽ വന്നിരിക്കുന്നത്. കൂടുതൽ ആളുകൾ തൊഴിലില്ലാതെ നിൽക്കുന്ന സാഹചര്യം രാജ്യത്തെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും സാമ്പത്തിക വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്.
രാജ്യത്ത് ഓഫർ ചെയ്യുന്ന ജോലികളുടെ എണ്ണത്തിലും വൻ കുറവ് സംഭവിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നേരത്തെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ 26000 കുറഞ്ഞ് 898,000 തസ്തികളിലേയ്ക്കാണ് പോസ്റ്റിങ്ങ് നടന്നിരിക്കുന്നത്. തൊഴിലില്ലായ്മ വർദ്ധിക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഒഎൻഎസിലെ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ലിസ് മക് കൗൺ പറഞ്ഞു. പുറത്തു വന്നിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കുകൾ രാജ്യത്തിൻറെ സ്ഥിതി കൂടുതൽ വഷളായി കൊണ്ടിരിക്കുന്നതിൻ്റെ തെളിവാണെന്നതാണ് ലേബറിൻ്റെ ആക്ടിംഗ് ഷാഡോ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി അലിസൺ മക്ഗവർൺ പ്രതികരിച്ചത്.
തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന കണക്കുകൾ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പിൽ തീർച്ചയായും തൊഴിലില്ലായ്മ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
Leave a Reply