ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഠനത്തിനായും ജോലിക്കായും യുകെയിൽ എത്തി ചേരുക എന്നത് മലയാളികളുടെ സ്വപ്നമാണ് . കേരളത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ശമ്പളവും ജീവിതസാഹചര്യങ്ങളുമാണ് മലയാളികൾ കൂടുതലായി ബ്രിട്ടനിൽ എത്തിച്ചേരാനുള്ള കാരണങ്ങൾ. എന്നാൽ യുകെയിലേയ്ക്കുള്ള വിസയും ജോലിയും വാഗ്ദാനം ചെയ്ത് ഏജൻസികൾ എന്ന പേരിൽ വൻ തട്ടിപ്പ് സംഘവും സജീവമാകുന്നതിൻ്റെ വിവരങ്ങളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരാണ് കേരളത്തിൽ അറസ്റ്റിലായിരിക്കുന്നത്. സ ച്ചി സൊലുഷ്യൻ എന്ന റിക്രൂട്ട്മെൻറ് സ്ഥാപന ഉടമകളായ രാഖി ഐസക്കും സന്തോഷ് തോമസുമാണ് ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത് . പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയെ തുടർന്നാണ് ഇവർ അറസ്റ്റിൽ ആയത്. ലൈസൻസ് ഇല്ലാതെയാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്.
പല ഏജൻസികളും ഉദ്യോഗാർത്ഥികളിൽ നിന്ന് കൊള്ളപ്പണം ഈടാക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ വാർത്തയായിരുന്നു. കെയർ മേഖലയിലെ വിസയ്ക്കായാണ് കടുത്ത ചൂഷണം നടന്നിരിക്കുന്നത്. 20 ലക്ഷം വരെയാണ് കെയർ മേഖലയിലെ വിസയ്ക്കായി പല മലയാളികളും ഏജൻസികൾക്ക് നൽകേണ്ടിവന്നത്. ജോലി ചെയ്യുന്ന കെയർ ഹോമിൻ്റെ ലൈസൻസ് റദ്ദാക്കിയത് മൂലം വഴിയാധാരമായ മലയാളികളെ കുറിച്ചുള്ള വാർത്ത അടുത്തയിടെ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ രാജ്യം വിടാനാണ് ഇവരോട് ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുകെയിൽ പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോടും കെയറർമാരോടും നിലവിലെ കുടിയേറ്റ നയത്തെ കുറിച്ച് ബോധവാന്മാരാകണമെന്നാണ് ഈ അവസരത്തിൽ മലയാളം യുകെ ന്യൂസിന് പറയാനുള്ളത് . നിലവിൽ കെയർ വിസയിൽ പോകുന്നവർക്ക് ആശ്രിത വിസയിൽ തങ്ങളുടെ ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അതുപോലെതന്നെ ഗവേഷണ വിദ്യാർത്ഥികൾക്ക് അല്ലാതെ സ്റ്റുഡൻറ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസ അനുവദിക്കുന്നില്ല. യുകെയിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
Leave a Reply