ന്യൂസ് ഡെസ്ക്, മലയാളം യുകെ
മതിയായ കിടക്കകൾ ഇല്ലാത്തതിനാൽ രോഗികൾക്ക് പരിചരണം ആശുപത്രി വരാന്തകളിൽ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് നേഴ്സിംഗ് യൂണിയൻ മുന്നറിയിപ്പു നൽകി. ആശുപത്രിയുടെ കോറിഡോറിൽ രോഗികളെ പരിചരിക്കുന്നത് സാധാരണയായി തീർന്നിരിക്കുന്നു. ഇത് രോഗികൾക്ക് അസ്വീകാര്യവും ഒട്ടും സുരക്ഷിതവുമല്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) ൻ്റെ റിപ്പോർട്ടിൽ പറഞ്ഞു.
ഇന്ന് ആരംഭിക്കുന്ന ആർസിഎന്നിന്റെ വാർഷിക കോൺഫറൻസിൽ കോറിഡോർ കെയറിനെതിരെ ശക്തമായ പ്രതികരണം ആർസി എൻ മേധാവി പ്രൊഫ നിക്കോള റേഞ്ചർ അറിയിക്കും. ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർസിഎൻ ഉന്നയിക്കുന്ന വാദഗതികൾ ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തലവേദന സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനാണ് തൻറെ പാർട്ടി അധികാരത്തിലെത്തിയാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുകയെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.
11,000 നേഴ്സുമാരുടെ ഇടയിൽ നടത്തിയ വാർഷിക ഓൺലൈൻ സർവേയിൽ യുകെയിൽ മൊത്തത്തിൽ 700 ,000 ലധികം ആളുകളെ അനുചിതമായ സ്ഥലങ്ങളിൽ പരിചരണം നടത്തേണ്ടതായി വന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എൻഎച്ച്എസ്സിന്റെ പരിചരണം തേടുന്ന രോഗികളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വരും. കാത്തിരിപ്പ് മുറികളിലും ഇടനാഴികളിലും അതുപോലെ തന്നെ രോഗികൾക്കായി രൂപകൽപ്പന ചെയ്തിട്ടില്ലാത്ത മറ്റ് സ്ഥലങ്ങളിലും കിടക്കകളിലോ ട്രോളികളിലോ അല്ലാതെ കസേരകളിൽ പോലും രോഗികളെ പരിചരിക്കേണ്ടി വന്നതിന്റെ ഗതികേട് പല നേഴ്സുമാരും സർവേയിൽ വിവരിച്ചതായാണ് റിപ്പോർട്ടുകൾ. നേഴ്സുമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി യൂണിയൻ നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് സർവേ നടത്തിയത് . ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ചികിത്സകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് നിലവിൽ 7.5 ദശലക്ഷമാണ്.
Leave a Reply