ഏറ്റവും പുതിയ അഭിപ്രായം സർവേകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2022 -ൽ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതൽ പ്രതിപക്ഷ നേതാവായ കെയർ സ്റ്റാർമർ സർവേകളിൽ വളരെ മുന്നിലാണ്. ജൂലൈ നാലിന് ബ്രിട്ടനിൽ നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അനുകൂലമായ തരംഗം യുകെയിൽ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സർവേകളിൽ പ്രവചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്. 2022 ജൂണില്‍ നടത്തിയ സർവേകളിൽ 39.6 ശതമാനം പിന്തുണയായിരുന്നു ലേബർ പാർട്ടിക്ക് ഉണ്ടായിരുന്നത്. 32.3 ശതമാനമായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ സാധ്യത. എന്നാൽ തുടർന്നുള്ള കാലത്ത് ലേബർ പാർട്ടി മുന്നോട്ടു പോവുകയും കൺസർവേറ്റീവുകളുടെ ജനപിന്തുണ വ്യാപകമായി കുറയുകയും ചെയ്തു.

നിലവിൽ റീഫോം യുകെ ഉൾപ്പെടെയുള്ള ചെറു പാർട്ടികളുടെ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത്തരം ചെറു പാർട്ടികൾ ശക്തി പ്രാപിച്ചത് കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് പുറത്തിറങ്ങിയ പ്രകടനപത്രികയിൽ ടാക്സ് നിരക്കുകൾ കുറയ്ക്കുമെന്ന വാഗ്ദാനങ്ങളാണ് കൺസർവേറ്റീവ് പാർട്ടി മുൻതൂക്കം കൊടുത്തിരിക്കുന്നത്. മൂന്നാഴ്ചയ്ക്കപ്പുറം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ഉള്ള പരിശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും .
	
		

      
      



              
              
              




            
Leave a Reply