ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ നിലവിൽ വന്നിരിക്കുന്ന സർക്കാരിൻറെ നയ സമീപനങ്ങൾ യുകെയിലെ മലയാളികളെ എങ്ങനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് സർക്കാർ നിലവിൽ വന്നത് മുതൽ യുകെയിൽ ഉടനീളമുള്ള മലയാളികളുടെ ഇടയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ ചോദ്യം. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദൃതഗതിയിലുള്ള നടപടികൾ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞിരുന്നു.

യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന സർക്കാർ ഇടപടലുകൾ നല്ലൊരു ശതമാനം മലയാളികളെയും കാര്യമായി ബാധിക്കും. എൻഎച്ച് എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികമായി ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള നടപടികൾ ആണ് സർക്കാർ സ്വീകരിക്കുന്നത് എങ്കിൽ അത് മലയാളികൾക്ക് പ്രയോജനകരമായി മാറും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എൻഎച്ച്എസിനെ സംബന്ധിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തി പുതിയ സർക്കാർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . മിക്ക രാഷ്ട്രീയക്കാർക്കും ആശുപത്രികളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പലയിടത്തും ഗുരുതരമായ രോഗം ബാധിച്ചവർ കിടയ്ക്കക്കായി കാത്തിരിക്കേണ്ട സാഹചര്യം നിലവിലുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടി .

പലയിടത്തും ഹോസ്പിറ്റൽ വരാന്തകളിൽ രോഗികൾ കാത്തു നിൽക്കുന്നതു കാണാം. അതിനിടെ പാരാമെഡിക്കലുകൾ വന്ന് പുറത്ത് ആംബുലൻസിൽ രോഗികൾ എത്തിയതായി പറയുന്ന സാഹചര്യവും നിസ്സഹായരായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വൈഷമ്യം സർക്കാർ മനസ്സിലാക്കണമെന്ന് വർഷങ്ങളായി യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന അവർ പറഞ്ഞു . പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കി സർക്കാർ അത് കൈകാര്യം ചെയ്യണമെന്നാണ് യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി സമൂഹം ആഗ്രഹിക്കുന്നത്.

മറ്റ് തൊഴിൽ മേഖലകളിലെ സർക്കാരിൻറെ നയ സമീപനം പുതുതലമുറ മലയാളികളെ കാര്യമായി ബാധിക്കും. 2000 -ൽ ആരംഭിച്ച മലയാളി കുടിയേറ്റത്തിൽ ഇവിടെ വന്നവരുടെ പുതുതലമുറ വിവിധ മേഖലകളിൽ ആണ് ജോലി ചെയ്യുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ സർക്കാർ പിന്തുടർന്നാൽ വിദ്യാർഥി , കെയർ വിസകളിൽഎത്തിയവരുടെ കാര്യം കഷ്ടത്തിലാവും. നിലവിലെ സാഹചര്യത്തിൽ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ സ്വപ്നങ്ങളുടെ ശവപറമ്പായി യുകെ മാറുമോ എന്നാണ് യുകെയിൽ ജീവിതം കരിപിടിപ്പിക്കാൻ സ്വപ്നം കാണുന്ന ഒട്ടേറെ മലയാളികളെ ഭയപ്പെടുത്തുന്ന പ്രധാന വിഷയം.