ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പാർലമെൻറ് സംവിധാനത്തിൽ ഷാഡോ ക്യാബിനറ്റിന് നിർണ്ണായക സ്ഥാനമാണ് ഉള്ളത്. പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ആണ് ഷാഡോ ക്യാബിനറ്റിൻ്റെ നേതൃസ്ഥാനം. പ്രതിപക്ഷ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ യഥാർത്ഥ ക്യാബിനറ്റ് ഘടന പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഓരോ മന്ത്രാലയത്തിലെയും സർക്കാരിന്റെ നയപരിപാടികൾ സ്പഷ്ടമായി നിരീക്ഷിക്കുന്നതിനും വിമർശനങ്ങളും നിർദ്ദേശങ്ങളും നൽകുകയും ചെയ്യും. പാർട്ടിക്കുള്ളിലെ സീനിയോറിറ്റിയും അതാത് വിഷയങ്ങളിലെ വൈദഗ്ദ്യവും കണക്കിലെടുത്ത് പ്രതിപക്ഷ നേതാവാണ് ഷാഡോ ക്യാബിനറ്റിനെ നിയമിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ട കൺസർവേറ്റീവ് പാർട്ടിയുടെ പല മുൻനിര നേതാക്കളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇടക്കാല ഷാഡോ ക്യാബിനറ്റ് രൂപീകരിക്കുക എന്നത് ഋഷി സുനകിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് . നവംബറിൽ അപ്രതീക്ഷിതമായി മന്ത്രിസഭയിൽ തിരിച്ചെത്തിയ മുൻ പ്രധാനമന്ത്രി ലോർഡ് കാമറൂൺ ഷാഡോ ക്യാബിനറ്റിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. അദ്ദേഹത്തിന് പകരം ആൻഡ്രൂ മിച്ചലിനെ ഷാഡോ ഫോറിൻ സെക്രട്ടറിയായി നിയമിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വെളിച്ചത്തിൽ റിച്ചാർഡ് ഹോൾഡൻ പാർട്ടി ചെയർമാൻ സ്ഥാനവും രാജിവച്ചതാണ് മറ്റൊരു സംഭവവികാസം.പ്രധാന വകുപ്പുകൾ പലതും മാറ്റമില്ലാതെ തുടരുകയാണ്. ജെറമി ഹണ്ട് ഷാഡോ ചാൻസലറായും ജെയിംസ് ക്ലെവർലി ഷാഡോ ഹോം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഇവർ ഈ വകുപ്പുകൾ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
Leave a Reply