ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിലെ ടെനറൈഫിൽ അവധി ആഘോഷിക്കാൻ പോയ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിലിന് കണ്ണീരിൽ കുതിർന്ന അന്ത്യം. 19 വയസ്സുകാരനായ ജെയ്‌ സ്ലേറ്ററിന്റേതെന്നു കരുതുന്ന മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ജെയ് സ്ലേറ്ററിൻ്റെ മൊബൈൽ ഫോണിൻറെ സിഗ്നലുകൾ അവസാനമായി ലഭിച്ചതിൻ്റെ സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ഔപചാരികമായ തിരിച്ചറിയൽ ഇനിയും നടക്കാനുണ്ടെങ്കിലും വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ജെയ് സ്ലേറ്ററുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

19 വയസ്സുകാരനായ ജെയ്‌ സ്ലേറ്ററിൻ്റെ തിരോധാനം ബ്രിട്ടനിൽ ആകെ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.

കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് ഇപ്പോൾ തിരോധാനത്തിന് ഉത്തരം നൽകിയിരിക്കുന്നത്. അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം.