ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലീഡ്സിലെ ഹെയർഹിൽസിൽ ഇന്നലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഘർഷം നേരിടുവാനായി വൻ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് വാഹനം മറിച്ചിടുകയും മറ്റൊരു ബസ് കത്തിക്കുകയും ചെയ്ത സംഭവങ്ങൾ അവിടെ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഥലത്തെ പ്രദേശവാസികളോട് വീട്ടിൽ തന്നെ തുടരുവാൻ ഉള്ള നിർദ്ദേശങ്ങളാണ് പോലീസ് അധികൃതർ നൽകിയിരിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഈ ആക്രമണത്തെ അപലപിച്ച ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ, ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനം ഇല്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ സംഘർഷത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സ്ഥലത്തെ സമാധാന അവസ്ഥ തകർക്കുവാൻ ക്രിമിനൽ ബന്ധമുള്ള ന്യൂനപക്ഷ സംഘങ്ങളാണ് ഈ സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഫൂട്ടേജുകളിൽ, പോലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുന്ന ദൃശ്യങ്ങൾ വ്യക്തമാകുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ലക്സർ സ്ട്രീറ്റിലെ ഒരു വിലാസത്തിൽ ഏജൻസി തൊഴിലാളികളും കുട്ടികളും തമ്മിൽ ചെറിയതോതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് ഏജൻസി അധികൃതരെയും കുട്ടികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും സംഘർഷം വ്യാപിക്കുകയായിരുന്നു.
കോംപ്ടൺ സെൻ്ററിന് സമീപം ഒരു ബസ് പൂർണമായും കത്തിനശിച്ചതായി പ്രദേശത്തു നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നു. അടിയന്തര സേവനങ്ങൾക്കായി കാത്തുനിന്ന ബസിലെ അംഗങ്ങൾ ബക്കറ്റ് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നീട് അർദ്ധരാത്രിക്ക് ശേഷമാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്.
സ്ഥലത്തെ പ്രശ്നങ്ങളോട് അധികൃതർ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത് എന്നും ഉടൻതന്നെ കുറ്റക്കാരെ കണ്ടെത്തുമെന്നും പോലീസ് ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ക്രിമിനൽ കുറ്റങ്ങളെല്ലാം തന്നെ കൃത്യമായ രീതിയിൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സമാധാനം പുനഃസൃഷ്ടിക്കുന്നതിനായി കൂടുതൽ പോലീസ് സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Leave a Reply