ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ട് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ബുധനാഴ്ച എത്തി. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് പൗണ്ടിന്റെ മൂല്യം 1.30 ഡോളറിനു മുകളിൽ എത്തുന്നത്. പണപ്പെരുപ്പത്തിൽ കാര്യമായ കുറവ് പ്രകടമാകാത്തതിനാൽ, ഓഗസ്റ്റ് മാസത്തിലും പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകർക്കിടയിൽ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം ഉയർന്നത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പുതിയ ലേബർ പാർട്ടി സർക്കാർ കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കി. യുകെയിലെ ഉയർന്ന പലിശ നിരക്കുകൾ കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനു കാരണമാകും. ഇത് മറ്റ് കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പൗണ്ടിന്റെ മൂല്യം കൂടുതൽ ഉയർത്തുന്നതിന് സഹായകരമാകും എന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. യുകെ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന നിലപാടിലൂടെയാണ് കറൻസി വിപണികൾ പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM

പണപ്പെരുപ്പ നിരക്ക് ബ്രിട്ടനിൽ ജൂൺ മാസത്തിൽ കൂടുതൽ സ്ഥിരതയുള്ളതായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ടാർഗെറ്റ് നിരക്കായ 2% എന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിയത് ആശ്വാസജനകമാണ്. എന്നാൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുൻപായി കൂടുതൽ സൂക്ഷ്മപരിശോധനങ്ങൾ നടത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സ്വിറ്റ്സർലൻഡ്, സ്വീഡൻ, കാനഡ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ചില സെൻട്രൽ ബാങ്കുകൾ ഇതിനകം തന്നെ പലിശ നിരക്കുകൾ കുറച്ചു കഴിഞ്ഞു. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും യുഎസ് ഫെഡറൽ റിസർവും ഇതേ നീക്കം ഇതുവരെ നടത്തിയിട്ടില്ല. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് ചൊവ്വാഴ്ച യുകെയിലെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച പ്രവചന നിരക്ക് ഈ വർഷം 0.7% ആയി ഉയർത്തിയതും ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ പണപ്പെരുപ്പ നിരക്ക് ചില മേഖലകളിൽ ഉയർന്നു നിൽക്കുന്നത് പലിശ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന രീതിയിൽ തന്നെ നിലനിർത്തണമെന്ന ആശങ്കയും രാജ്യത്തിന് നൽകുന്നുണ്ട്.