ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇൻറർനെറ്റ് സെർച്ച് ടൂൾ ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ. നിലവിൽ ഭൂരിപക്ഷം ആളുകളും ഇൻറർനെറ്റിൽ തിരയുന്നതിനായി ഗൂഗിൾ ആണ് ഉപയോഗിക്കുന്നത്. ഗൂഗിൾ ചെയ്യുക എന്നത് ഇൻറർനെറ്റ് സെർച്ചിൻ്റെ മറ്റൊരു പര്യായമായി മാറി കഴിഞ്ഞു. എന്നാൽ ഗൂഗിൾ സെർച്ചിന് വൻ ഭീഷണി ഉയർത്തി കൊണ്ട് ഓപ്പൺ Al യുടെ സെർച്ച് ടൂൾ പുറത്തിറങ്ങാൻ പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന പുതിയ സേർച്ച് ടൂളിനെ വളരെ ആകാംക്ഷയോടെയാണ് സാങ്കേതിക വിദഗ്ധർ നോക്കി കാണുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ ഒരു കൂട്ടം ഉപഭോക്താക്കൾക്ക് സെർച്ച് ജിപിടി ഉടൻ ലഭ്യമാക്കുമെന്ന് ഇന്നലെയാണ് കമ്പനി പ്രഖ്യാപിച്ചത് . ഓപ്പൺ Al യുടെ ചാറ്റ് ജി പി ടി പ്ലാറ്റ്ഫോം പെട്ടെന്നാണ് ലോകമെങ്ങുമുള്ള ഉപഭോക്താക്കളെ നേടിയെടുത്തത്. പുതിയ സേർച്ച് ടൂളിനെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
പുതിയ സെർച്ച് ഫീച്ചർ ഗൂഗിളും ഓപ്പൺ Al കമ്പനിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പൺ Al യുടെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ് 2019 -ൽ ഒരു ബില്യൺ ഡോളർ ആണ് ഓപ്പൺ Al-ൽ നിക്ഷേപിച്ചത്. ഫലത്തിൽ സേർച്ച് ജിപിടി വരുന്നത് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലുള്ള മത്സരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply