ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തനിക്കൊപ്പം താമസിച്ച സുഹൃത്തിന്റെ തത്ത ഉണ്ടാക്കിയ നാശങ്ങൾക്ക് പണം അടയ്ക്കുന്നതിനെ ചൊല്ലി യൂണിവേഴ്സിറ്റിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഗ്രാജുവേഷൻ ചടങ്ങ് നിഷേധിക്കപ്പെട്ട ജോൺ ക്ലോത്തിയർ 41 വർഷത്തിനുശേഷം തന്റെ മകനൊപ്പം തൊപ്പിയും ഗൗണും അണിഞ്ഞ സന്തോഷത്തിലാണ്. 64.80 പൗണ്ട് ബില്ലിന്റെ പേരിലായിരുന്നു ക്ലോത്തിയറിനു ചടങ്ങ് നിഷേധിക്കപ്പെട്ടത്. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ പഠിച്ച ജോൺ ക്ലോത്തിയർ 1983 ൽ തന്റെ സഹപാഠികൾക്ക് ഒപ്പം ഗ്രാജുവേഷൻ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒപ്പം താമസിച്ച സുഹൃത്ത് വളർത്തിയിരുന്ന ഒരു തത്ത കൂട്ടിൽ നിന്ന് പറന്നു പോകുകയും, യൂണിവേഴ്സിറ്റിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വേറെ താമസസ്ഥലം കണ്ടെത്തിയെങ്കിലും, അവസാന ടേം വാടകയായ 64.80 പൗണ്ട് നൽകാൻ ക്ലോത്തിയർ വിസമ്മതിച്ചു. എന്നാൽ അന്ന് നിലവിൽ ഉണ്ടായിരുന്ന നിയമപ്രകാരം, അക്കോമഡേഷൻ ബില്ലുകൾ അടയ്ക്കുവാൻ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഡിഗ്രി അനുവദിച്ചിരുന്നെങ്കിലും ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. അതോടെയാണ് ക്ലോത്തിയറിനു തന്റെ ആഗ്രഹമായിരുന്ന ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയത്. ഇപ്പോൾ 41 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി ബിൽ ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ്, ബയോളജിയിൽ ബിരുദം നേടിയ 21 കാരനായ ഇളയ മകൻ കാർട്ടറിനൊപ്പം, ബിരുദം നേടുവാൻ ക്ലോത്തിയറിനെ യൂണിവേഴ്സിറ്റി അനുവദിച്ചത്.
ഹാംഷെയറിലെ പീറ്റേഴ്സ്ഫീൽഡിൽ താമസിക്കുന്ന ക്ലോത്തിയർ അടയ്ക്കാത്ത ബില്ലിനെ ദീർഘകാലമായുള്ള പലിശരഹിത വായ്പയായി താൻ കാണുന്നു എന്ന് വ്യക്തമാക്കി. പണത്തെ കുറിച്ച് ഇപ്പോൾ യൂണിവേഴ്സിറ്റി ഒന്നും തന്നെ തന്നോട് പരാമർശിച്ചിട്ടില്ലെന്നും, താനും ഒന്നും തന്നെ സംസാരിക്കുന്നില്ലെന്നും ക്ലോത്തിയർ പറഞ്ഞു. ഇതോടെ ക്ലോത്തിയറും ഭാര്യ ഹെലൻ ഹില്ലും അവരുടെ മൂന്ന് മക്കളും ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അഭിമാന നേട്ടത്തിലേക്കാണ് കുടുംബം എത്തിയിരിക്കുന്നത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ക്ലോത്തിയർ വ്യക്തമാക്കി. അവരുടെ മൂത്തമകൻ ക്വിറ്റോ, 2020-ൽ സംഗീതത്തിൽ ബ്രസ്റ്റോള് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. രണ്ടാമത്തെ മകനും 2023 ൽ അതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടിയത്. തന്റെ പിതാവിന് ഒപ്പം ബിരുദ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മകനും വ്യക്തമാക്കി.
Leave a Reply