ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഫോൺ ചോർത്തൽ വിവാദത്തിന്റെ തെളിവുകളെന്ന് സംശയിക്കുന്ന ദശലക്ഷക്കണക്കിന് ഇമെയിലുകൾ ഇല്ലാതാക്കിയതിനെ ന്യായീകരിക്കാൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിനെയും ലേബർ പാർട്ടി നേതാവായ ടോം വാട്‌സണെയും വ്യാജ സുരക്ഷാ ഭീഷണിയിൽ ഉൾപ്പെടുത്തിയെന്ന വാദത്തിൽ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മീഡിയ കമ്പനിയുടെ പക്കലുള്ള തെളിവുകൾ ശേഖരിക്കാമെന്നു വ്യക്തമാക്കി കോടതി. ലോകത്തെമ്പാടും വിവിധ പത്രങ്ങളും, ബ്രിട്ടനിൽ സൺ പത്രവും ഉൾപ്പെടെ പബ്ലിഷ് ചെയ്യുന്ന “ന്യൂസ്‌ ഗ്രൂപ്പ്‌ ന്യൂസ്‌പേപ്പഴ്സ് ” എന്ന മീഡിയ കമ്പനിയാണ് ആരോപണങ്ങൾ നേരിടുന്നത്. ലേബർ നേതാവ് ടോം വാട്സൺ മുൻ പ്രധാനമന്ത്രിയുമായി ഗൂഢാലോചന നടത്തി ഡാറ്റ മോഷ്ടിച്ചു എന്ന ആരോപണമായിരുന്നു മീഡിയ കമ്പനി മുന്നോട്ടു വെച്ചത്. എന്നാൽ പല പ്രമുഖരുടെയും ഫോൺ ചോർത്തുന്ന ആരോപണം നേരിടുന്ന സൺ പത്രത്തിന്റെ ഉൾപ്പെടെ പ്രസാധകരായ, “ന്യൂസ്‌ ഗ്രൂപ്പ്‌ ന്യൂസ്‌പേപ്പേഴ്സ് ” (എൻ ജി എൻ ). തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇത്തരത്തിൽ ഒരു വാദം മുന്നോട്ടുവെച്ചതെന്ന് നിലവിൽ നടക്കുന്ന വാദത്തിൽ കോടതി കേട്ടു.

നിലവിൽ വാഷിംഗ്ടൺ പോസ്റ്റിൻ്റെ സിഇഒ ആയ വിൽ ലൂയിസ് ആയിരുന്നു, 2011-ൽ ഫോൺ ഹാക്കിംഗിനെ കുറിച്ചുള്ള മെട്രോപോളിറ്റൻ പോലീസ് അന്വേഷണമായ ഓപ്പറേഷൻ വീറ്റിംഗ് നടന്നപ്പോൾ അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ‘ന്യൂസ് ഇന്റർനാഷണലിന്റെ’ ജനറൽ മാനേജർ. അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന എന്നാൽ പിന്നീട് നിർത്തലാക്കിയ, ഇതേ മീഡിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്രമായിരുന്നു ‘ന്യൂസ്‌ ഇന്റർനാഷണൽ’. അന്ന് ന്യൂസ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന റബേക്ക ബ്രൂക്സിന്റെ ഈമെയിലുകൾ ലേബർ എംപി ആയിരുന്നു ടോം വാട്സന് ലഭിച്ചു എന്ന ആരോപണമാണ്, ജനറൽ മാനേജർ ആയിരുന്ന വിൻ ലൂയിസ് മെട്രോപൊളിറ്റൻ പോലീസിനോട് വ്യക്തമാക്കിയത്. തങ്ങളുടെ ഒരു മുൻ സ്റ്റാഫ് അംഗം തങ്ങൾ അറിയാതെ ഇത്തരത്തിൽ ഈമെയിലുകൾ എംപിക്ക് കൈമാറിയെന്നും, ഈ കൈമാറലുകൾ നിയന്ത്രിച്ചത് ഗോർഡൻ ബ്രൗൺ ആയിരുന്നുവെന്നുമാണ് വിൽ ലൂയിസ് പോലീസിനോട് വ്യക്തമാക്കിയത്.

ബ്രൂക്‌സിൻ്റെ ഇമെയിലുകൾ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന 2011-ലെ സുരക്ഷാ ഭീഷണി തങ്ങളുടെ തെറ്റ് മറച്ചുവെക്കാനായി നടത്തിയ നാടകമാണെന്ന ആരോപണങ്ങൾ എൻ ജി എൻ നിഷേധിച്ചു. തങ്ങൾ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും, തങ്ങളുടെ ഒരു ജീവനക്കാരൻ ഇത്തരത്തിൽ ഡാറ്റ തങ്ങൾ അറിയാതെ തെറ്റായ കരങ്ങളിൽ എത്തിച്ചുവെന്ന കൃത്യമായ വിവരം തങ്ങൾക്ക് ലഭിച്ചു എന്നും എൻ ജി എന്നിനുവേണ്ടി ആന്റണി ഹഡ്സൺ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് രഹസ്യം ഡാറ്റകൾ വിവിധ സിസ്റ്റങ്ങളിൽ ഒന്നിലധികം കോപ്പികൾ സൂക്ഷിക്കരുതെന്ന് എൻ ജി എൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ വിൽ ലൂയിസ്, മുൻ എക്സിക്യൂട്ടീവ് ചെയർ ആയിരുന്ന ജെയിംസ് മർഡോക്ക് എന്നിവരുമായി ബന്ധപ്പെട്ട പ്രസക്തമായ തെളിവുകൾക്കായുള്ള അന്വേഷണത്തിൽ എതിർപ്പ് പ്രകടിപ്പിച്ച മീഡിയ കമ്പനി, ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കാമെന്ന് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. ടോം വാട്സണും, മുൻ ലിബറൽ ഡെമോക്രാറ്റ് ബിസിനസ് സെക്രട്ടറി വിൻസ് കേബിളും എൻ ജി എന്നിനെതിരെ കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വാദം കേട്ടുകൊണ്ടിരിക്കുന്നത്. എൻ ജി എൻ തങ്ങളുടെ വോയിസ് മെയിലുകൾ തങ്ങൾ അറിയാതെ ചോർത്തിയെടുക്കുകയും, അതോടൊപ്പം തന്നെ സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരെ ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ കണ്ടെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതുമായാണ് ഇരുവരും കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. നിലവിൽ ഇവരുടെ കേസിൽ കോടതി വാദം കേട്ടു കൊണ്ടിരിക്കുകയാണ്.