ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമുള്ള തീവ്രവാദ ഭീഷണി വളരെ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്ന സമയമാണിതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന യു എസ് – എസ് പോലീസ് ഉദ്യോഗസ്ഥർ. യുകെ ഭീകര നിയമപ്രകാരം നിരോധിക്കപ്പെട്ട ഒരു സംഘടനയെ നയിക്കുകയും, ഓൺലൈൻ വഴി ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത കിഴക്കൻ ലണ്ടനിൽ നിന്നുള്ള ഇസ്ലാമിസ്റ്റ് മതപ്രഭാഷകനായ അഞ്ജെം ചൗധരിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചതിന് പിന്നാലെയാണ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്. തീവ്ര ചിന്തകൾ ഉള്ളവരും അവർ പിന്തുണയ്ക്കുന്ന അക്രമാസക്തമായ ഗ്രൂപ്പുകളും ഉയർത്തുന്ന തുടർച്ചയായ അപകടത്തെ ചൗധരിയുടെ കേസ് ശക്തമായി വെളിവാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. തീവ്രവാദ വിരുദ്ധസേനകൾ ഇപ്പോൾ വൈവിധ്യമാർന്ന തരത്തിലുള്ള ഭീഷണികളുമായാണ് പോരാടുന്നത് . അടിസ്ഥാനപരമായ ഒരു പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാത്ത, എന്നാൽ അക്രമത്തിലേക്ക് ആകർഷിക്കപ്പെടുന്ന നിരവധി ആളുകൾ ഉണ്ടെന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുവാക്കൾ ഓൺലൈൻ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും ആശങ്കാജനകമായ വസ്തുതയാണ്.


ചൗധരിയുടെ വിചാരണയ്ക്ക് ശേഷം, ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ പോലിസ് മേധാവി മാറ്റ് ജൂക്‌സ്, ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഇൻ്റലിജൻസ് ആൻഡ് കൗണ്ടർ ടെററിസം ഡെപ്യൂട്ടി കമ്മീഷണർ റെബേക്ക വെയ്‌നർ എന്നിവരുമായി ബിബിസി നടത്തിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ അവർ നൽകുന്നത്. ഏറ്റവും ഭീകരമായ സാഹചര്യം ഓൺലൈൻ തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്ന് ഇരുവരും വ്യക്തമാക്കുന്നു. ഇസ്രായേൽ – ഗാസ, റഷ്യ – ഉക്രൈൻ എന്നിവിടങ്ങളിൽ നടക്കുന്ന രണ്ട് യുദ്ധങ്ങൾ ആളുകളിലേക്ക് നിരവധി തെറ്റായ ധാരണകൾ എത്തുന്നതിന് കാരണമാകുന്നു. ഇതിൽ സത്യം ഏത് കള്ളം ഏത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് പലരെയും തെറ്റായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തോടുള്ള താൽപര്യം കാരണമല്ലാതെ, അക്രമത്തോടുള്ള അഭിനിവേശം കാരണം തീവ്രവാദത്തിലേക്ക് തിരിയുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുതയെന്ന് മാറ്റ് ജൂക്‌സ് ബിബിസിയോട് വ്യക്തമാക്കി.

തൻ്റെ ഉദ്യോഗസ്ഥർ ഇപ്പോൾ കൈകാര്യം ചെയ്യുന്ന 20 ശതമാനം കേസുകളിലും ഭീകരവാദികൾക്ക് ലോകത്തെ കുറിച്ച് സ്ഥിരമായ കാഴ്ചപ്പാട് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും മനുഷ്യത്വമില്ലാത്ത, തീവ്രമായ വീഡിയോകൾ പലപ്പോഴും യുവാക്കളെ ഹരം കൊള്ളിക്കുന്നു. ഓൺലൈൻ ഗെയ്മുകളെ പലപ്പോഴും തീവ്രവാദം പ്രചരിപ്പിക്കുന്നതിനുള്ള ചവിട്ടുപടിയായി പലരും ഉപയോഗിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ പ്രായം കുറഞ്ഞു വരുന്നത് തികച്ചും ആശങ്കയുളവാക്കുന്ന വസ്തുതയാണ്. കഴിഞ്ഞവർഷം യുകെയിൽ തീവ്രവാദികൾ എന്ന് സംശയിച്ച് അറസ്റ്റിലായവരിൽ അഞ്ചിൽ ഒരാൾ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. സാഹചര്യത്തെ കൂടുതൽ ഗൗരവമായി കാണണമെന്ന ആവശ്യമാണ് ഇരു ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നത്.