ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെയ്‌റൂട്ടിലും ടെഹ്‌റാനിലും നടന്ന കൊലപാതകത്തിന് പിന്നാലെ ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി യുകെ. വിവിധ സംഘർഷ സാഹചര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺസുലർ വിദഗ്ധർ, അതിർത്തി സേന ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരെ പ്രദേശത്ത് വിന്യസിച്ചതായി വിദേശ, കോമൺവെൽത്ത്, വികസന ഓഫീസും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ലാൻഡിംഗ് കപ്പൽ ആർഎഫ്എ കാർഡിഗൻ ബേയും എച്ച്എംഎസ് ഡങ്കനും ഇതിനകം കിഴക്കൻ മെഡിറ്ററേനിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ എയർഫോഴ്സ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകളും പ്രവർത്തനത്തിന് തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചു.

ലെബനനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കേണ്ടതിൻ്റെ ആവശ്യകത യുകെയ്ക്ക് നിലവിൽ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നിരുന്നാലും യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ഇപ്പോൾ സൈന്യത്തെ സജ്ജരാക്കിയിരിക്കുകയാണ്. ഹീലിയുടെയും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെയും പ്രാദേശിക സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ തന്നെ ലെബനനിലെ ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിടണം എന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിട്ടുണ്ട്. യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സമാനമായ നിർദ്ദേശം ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച ലെബനനിലേക്കും ഇസ്രായേലിലേക്കും ഉള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ബെയ്‌റൂട്ടിലെ അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന ടിക്കറ്റിൽ രാജ്യം വിടാൻ യുഎസ് എംബസി അറിയിച്ചു. യുഎസിലേക്ക് മടങ്ങാൻ പണമില്ലാത്ത യുഎസ് പൗരന്മാർക്ക് റീപാട്രിയേഷൻ ലോണുകൾ വഴി സാമ്പത്തിക സഹായത്തിനായി എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.