ലണ്ടനിൽ ഒൻപത് വയസ്സ് പ്രായമുള്ള മലയാളി പെൺകുട്ടിയെ വെടി വച്ച കുറ്റത്തിന് പോലീസ് ഒരാൾക്ക് എതിരെ കേസെടുത്തു. ഹാംഷെയറിലെ ഫാർൺബറോയിൽ നിന്നുള്ള ജാവോൺ റെയ്‌ലി (32) എന്നയാൾക്കെതിരെ ഇന്നലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് കൊലപാതക ശ്രമങ്ങൾക്ക് ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. റിമാൻഡ് ചെയ്ത ഇയാളെ സെപ്റ്റംബർ ആറിന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. വാഹനം തടഞ്ഞുനിർത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കുറ്റവാളിയെ സഹായിച്ചതിന് അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.


മെയ് 29 ന് ഈസ്റ്റിൽ ലണ്ടനിലെ ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മലയാളി പെൺകുട്ടിക്ക് വെടിയേറ്റത്. ബൈക്കിൽ എത്തിയ ആക്രമി കെട്ടിടത്തിനും റസ്റ്റോറന്റിനും നേരെ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. കുട്ടി ഇപ്പോഴും സാധാരണ നില കൈവരിച്ചില്ലെന്നാണ് അറിയാൻ സാധിച്ചത്. സംസാരശേഷിയും ചലനശേഷിയും പൂർണ്ണമായും പെൺകുട്ടി വീണ്ടെടുത്തിട്ടില്ല. വെടിവെയ്പ്പിൽ റസ്റ്റോറന്റിന് പുറത്ത് നിന്നിരുന്ന മൂന്ന് പേർക്കു കൂടി വെടിയേറ്റിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ആശുപത്രി വിട്ടിരുന്നു.


ബിർമിംഗ്ഹാമിൽ നിന്നുള്ള മലയാളി കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിനും ദുരന്തത്തിനും പെൺകുട്ടി ഇരയായത്. ഒരു മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് അബദ്ധത്തിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് ഇടയാക്കിയത് . കേരളത്തിൽ പറവൂർ ഗോതുരത്ത് സ്വദേശിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.