ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രാദേശിക റോഡുകളുടെ അവസ്ഥ വളരെ മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡുകളുടെ ശോചനാവസ്ഥയെ കുറിച്ച് പരാതി രേഖപ്പെടുത്തുന്ന ഡ്രൈവർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. റോഡുകളുടെ മോശം അവസ്ഥയ്ക്ക് പ്രധാന കാരണം പ്രാദേശിക കൗൺസിലുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വന്നിരിക്കുന്ന അലംഭാവമാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്ന് വന്നിരിക്കുന്നത്.


സർവേയിൽ പങ്കെടുത്ത 2700 ഡ്രൈവർമാരിൽ 56 ശതമാനം പേരും പ്രാദേശിക റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പരാതി പറഞ്ഞു. റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ കൗൺസിലുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. റോഡുകളുടെ ദുരവസ്ഥയുടെ കൂടെ വാഹന ഇൻഷുറൻസ് ചെലവുകൾ വർദ്ധിച്ചതിനെ കുറിച്ചും ഡ്രൈവർ പരാതിപ്പെട്ടു. എന്നാൽ റോഡുകളുടെ നിലവാര തകർച്ചയെ കുറിച്ച് പരാതി പെട്ടവരെക്കാൾ 21 ശതമാനം കുറവാണ് ഇൻഷുറൻസ് തുകയിലെ വർദ്ധനവിനെ കുറിച്ച് പരാതി പറഞ്ഞവരുടെ എണ്ണം.


വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്തിയിട്ടില്ലാത്ത ബ്രിട്ടനിലെ കുഴികൾ നിറഞ്ഞ റോഡുകളുടെ അവസ്ഥയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 2010 നും 2020 നും ഇടയിൽ 98 ശതമാനം റോഡുകളും പരിപാലിക്കുന്ന കൗൺസിലുകൾക്ക് പ്രാദേശിക സേവനങ്ങൾക്കുള്ള കേന്ദ്ര ഗവൺമെൻറ് ഫണ്ട് 40 ശതമാനം വെട്ടി കുറച്ചിരുന്നു. വളരെ നാളുകളായി ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയാണ് ഫണ്ട് അനുവദിക്കാതിരുന്നതിന് പ്രതിക്കൂട്ടിലാകുന്നത്. സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും പ്രാദേശിക റോഡുകളുടെ അവസ്ഥ ഒരു വർഷത്തിന് മുമ്പുള്ളതിനേക്കാൾ ദയനീയമാണെന്നാണ് രേഖപ്പെടുത്തിയത്.