എബ്രഹാം കുര്യൻ

സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയ വയനാടിന്റെ കണ്ണീരൊപ്പാനും കൈത്താങ്ങാകുവാനും മലയാളം മിഷൻ യു കെ ചാപ്റ്റർ ധനസമാഹരണം നടത്തുകയാണ്.

യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഭാഷാ പ്രവർത്തകർ എന്നിവരിൽ നിന്നും മിനിമം ഒരു പൗണ്ടിൽ കുറയാത്ത തുക വീതം സമാഹരിച്ച് ലഭിക്കുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാനാണ് മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നത്.

വയനാട്ടിൽ ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിന്റെ ഫലമായി മാതാപിതാക്കളും കിടപ്പാടവും വിദ്യാലയവുമൊക്കെ നഷ്ടപ്പെട്ട വയനാടിന്റെ മക്കളെ വർണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി മലയാളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച “വയനാടിനൊരു ഡോളർ” എന്ന കാമ്പയിന്റെ ഭാഗമായി പ്രവാസ ലോകത്തെ എല്ലാ മലയാളം മിഷൻ ചാപ്റ്ററുകളും നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനായി മലയാളം മിഷൻ യു കെ ചാപ്റ്ററിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കുകയാണ് .

വയനാടിന് പുനർജീവൻ നൽകുന്നതിനായുള്ള ധനസമാഹരണത്തിൽ പങ്കാളികളാകുവാൻ മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയോ ഭാരവാഹികളുടെയോ നേതൃത്വത്തിൽ സമാഹരിക്കുന്ന തുക 2024 ഓഗസ്റ്റ് 25നു മുൻപായി ചാപ്റ്റർ സെക്രട്ടറിയുടെ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് കൈമാറണമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

Account Name: Malayalam UK
Sort Code:30-99-50
Account No: 56924063

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ട് അതിജീവിച്ച് കഴിയുന്ന മക്കൾക്ക് പുനരധിവാസത്തിനു വേണ്ടി മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തുന്ന ധനസമാഹരണത്തിൽ പഠനകേന്ദ്രങ്ങളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഭാരവാഹികളും രക്ഷിതാക്കളും മിനിമം ഒരു പൗണ്ടെങ്കിലും സംഭാവന നൽകി പങ്കാളികളാവണമെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.