ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൻഡ്രൂ രാജകുമാരൻെറ സുരക്ഷാ ഉദ്യോഗസ്ഥരെ ചാൾസ് രാജാവ് പുറത്തക്കിയതിന് പിന്നാലെ അദ്ദേഹം റോയൽ ലോഡ്ജ് വസതിയിൽ നിന്നും പുറത്ത് പോകേണ്ടിവരുമെന്ന് റിപോർട്ടുകൾ. ശരത്കാലം മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ആൻഡ്രൂ രാജകുമാരന് ആവശ്യം ഇല്ലെന്നാണ് രാജാവ് അറിയിച്ചത്. ആൻഡ്രൂവിൻെറ സഹോദരനായ ചാൾസ് മൂന്നാമൻ രാജാവിൻ്റെ തീരുമാനത്തെ തുടർന്ന് ഡ്യൂക്ക് ഓഫ് യോർക്ക് ആയ ആൻഡ്രൂ രാജകുമാരന് റോയൽ ലോഡ്ജിലെ തൻെറ വസതിയിൽ നിന്ന് പുറത്തു പോകേണ്ടി വന്നേക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ആൻഡ്രൂവിൻ്റെ പോലീസ് സംരക്ഷണം പിൻവലിച്ചതിനെ തുടർന്ന് 2022 മുതൽ ചാൾസ് രാജാവാണ് സ്വകാര്യ സുരക്ഷയ്ക്കായി പണം നൽകിയിരുന്നത്. മുൻ ഭാര്യ സാറാ ഫെർഗൂസണൊപ്പം ലോഡ്ജിൽ താമസിക്കുന്ന ആൻഡ്രൂ, 75 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. യുഎസിൽ ആൻഡ്രൂവിനെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കപ്പെട്ടതോടെ അദ്ദേഹവും ചാൾസ് മൂന്നാമൻ രാജാവും തമ്മിലുള്ള ബന്ധം കുറച്ചുകാലമായി പിരിമുറുക്കത്തിലായിരുന്നു.
ഈ സാഹചര്യത്തിൽ ആൻഡ്രൂ ഒരിക്കലും പൊതു ജോലികളിലേക്ക് മടങ്ങിവരില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആൻഡ്രൂവിന് റോയൽ ലോഡ്ജ് വിടേണ്ടി വന്നേക്കുമെന്നും അദ്ദേഹത്തിൻെറ സുരക്ഷ നീക്കം ചെയ്യുന്നത് അത്തരമൊരു നീക്കത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൊട്ടാരത്തിലെ ഒരു ജീവനക്കാരൻ അഭിപ്രായപ്പെട്ടു. ആൻഡ്രൂ രാജകുമാരൻ്റെ സുരക്ഷാ ടീമിൻെറ കരാർ ഈ വർഷം ഒക്ടോബറിൽ അവസാനിക്കും. 2022-ൽ ആൻഡ്രൂവിൻെറ രാജകീയ പദവികൾ നീക്കം ചെയ്തിരുന്നു.
Leave a Reply