മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ സ്വെൻ- ഗൊറാൻ എറിക്‌സൺ എഴുപത്തിയാറാം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. സ്വീഡിഷുകാരനായ എറിക്‌സൺ 2001 ലാണ് ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ മാനേജരായി ചുമതലയേറ്റത്. 2006 വരെ ഏകദേശം 67 ഓളം മത്സരങ്ങളിൽ അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ മാനേജർ ആയി തുടർന്നു. 2002, 2006 ലോകകപ്പുകളിലും, 2004ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇംഗ്ലണ്ട് ടീമിനെ ക്വാർട്ടർ ഫൈനലിൽ വരെ എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഡേവിഡ് ബെക്കാം , പോൾ സ്കോൾസ്, ഫ്രാങ്ക് ലാംപാർഡ് , വെയ്ൻ റൂണി , സ്റ്റീവൻ ജെറാർഡ് എന്നിവരുൾപ്പെടെയുള്ള ഒരു സുവർണ്ണ തലമുറയെ കളിക്കളത്തിൽ നയിക്കുന്നതിന് എറിക്‌സന് അവസരം ലഭിച്ചു.

ജനുവരിയിൽ ക്യാൻസർ ബാധ കണ്ടെത്തിയതിനു ശേഷവും, തനിക്ക് മുൻപിൽ ഇനിയും ഒരു വർഷം ജീവിക്കുവാൻ ബാക്കിയുണ്ടെന്ന് എറിക്‌സൺ പറഞ്ഞിരുന്നു. തങ്ങളുടെ പിതാവ് രോഗത്തോട് ധീരമായി പോരാടിയെന്നും, എന്നാൽ സമാധാനത്തോടെ ഇപ്പോൾ മരണത്തിലേക്ക് പോയി എന്നും മക്കളായ ലിനയും ജോഹനും പ്രതികരിച്ചു. ഫുട്ബോൾ അസോസിയേഷൻ പെട്രണായ വില്യം രാജകുമാരനും, പ്രധാനമന്ത്രി കെയർ സ്റ്റാർമറും എറിക്‌സന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന് അദ്ദേഹം സമ്മാനിച്ച മഹത്തായ സംഭാവനകളെ ഇരുവരും അനുസ്മരിച്ചു.

ഇംഗ്ലണ്ട് ടീമിൻറെ മാനേജരായി ചുമതല ഏൽക്കുന്നതിന് മുൻപ്, സ്വീഡിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എറിക്സന്റെ ആരോഗ്യ അവസ്ഥ മോശമായ സാഹചര്യത്തിൽ ഡേവിഡ് ബെക്കാം അദ്ദേഹത്തെ സ്വീഡനിൽ എത്തി സന്ദർശിച്ചിരുന്നു. എറിക്സന്റെ മരണത്തിലുള്ള അഗാധമായ ദുഃഖവും ഡേവിഡ് ബെക്കാം പങ്കുവെച്ചു. നിരവധി താരങ്ങളും എറിക്സന്റെ മരണത്തിലുള്ള തങ്ങളുടെ ദുഃഖം അറിയിച്ചു.