ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എല്ലാ മേഖലയിലും വരുത്തി കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ പ്രവചനാതീതമാണ് . നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒട്ടേറെ കാര്യങ്ങൾ ആണ് വിവിധ മേഖലകളിൽ പുതിയതായി എത്തി കൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുള്ള എഐ ടൂളുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ യുകെയിൽ ആരംഭിച്ചു. ഇതിനായി 3 മില്യൺ പൗണ്ട് ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ മോർഗൻ പറഞ്ഞു.

യുകെയിൽ പല അധ്യാപകരും ഇപ്പോൾതന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലുള്ള ടൂളുകൾ ഇംഗ്ലണ്ടിലെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്തതോ അംഗീകരിക്കപ്പെട്ടതോ അല്ല . ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ചാറ്റ് ജി പി റ്റി പോലുള്ള ജനറേറ്റീവ് എ ഐ ടൂളുകൾ മിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ടൂളുകൾ കുറച്ചുകൂടി കുറ്റമറ്റതാക്കാനും കൂടുതൽ അധ്യാപകർക്ക് ഇവയിൽ പരിശീലനം നൽകാനുമാണ് സർക്കാർ പുതിയ പദ്ധതി വഴിയായി ലക്ഷ്യം വയ്ക്കുന്നത്.


എ ഐ ടൂളുകൾ അവതരിപ്പിക്കുന്നത് യുകെയിലെ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ ആണ് യുകെയുടെ ഈ മേഖലയിലെ ഭാവി പദ്ധതികളെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത് . നിലവിലുള്ള എ ഐ ടൂളുകൾ നൽകുന്ന ഉള്ളടക്കത്തിന്റെ വിശ്വാസ്യത എത്രമാത്രമുണ്ടെന്നതാണ് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. ഉള്ളടക്കത്തിന്റെ വിശ്വാസ്യത പരിഹരിക്കാൻ കഴിയുമെങ്കിൽ അധ്യാപകർ അഭിമുഖീകരിക്കുന്ന അമിതഭാരം ലഘൂകരിക്കാൻ എഐ ട്യൂളുകൾക്ക് കഴിയുമെന്ന് സ്‌കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിൻ്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി പെപ്പെ ഡിയാസിയോ പറഞ്ഞു.