ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഗർഭിണിയും 6 കുട്ടികളും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട് . മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. രണ്ടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബൊലോൺ-സുർ-മെറിന് സമീപമുള്ള കേപ് ഗ്രിസ്-നെസിൽ നിന്ന് 50-ലധികം പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


ബോട്ടിൽ പകുതിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി ആണ് റിപ്പോർട്ടുകൾ. യാത്രക്കാരിൽ എട്ടിൽ താഴെ ആളുകൾ മാത്രമെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ. ഈ വർഷം ചാനലിൽ നടന്ന ഏറ്റവും വലിയ മനുഷ്യ കുരുതിയാണ് ഇന്നലെ നടന്ന സംഭവം. ഈ സംഭവത്തോടെ ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 45 പേരാണ് കൊല്ലപ്പെട്ടത്. ഇത് 2021 നു ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് എന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഹെലികോപ്റ്ററുകളും നേവി ബോട്ടുകളും മത്സ്യബന്ധന കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു.