ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വ്യക്തിയുടെ ആശയവിനിമയം, പെരുമാറ്റം, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം . നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയുടെ കണക്കുകൾ അനുസരിച്ച് യുകെയിൽ ഏകദേശം 100 ആളുകളിൽ ഒരാൾക്ക് ഓട്ടിസത്തിനോട് അനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. നേരത്തെ നടത്തുന്ന രോഗനിർണ്ണയം ആരോഗ്യപരമായ വെല്ലുവിളികൾ കുറയ്ക്കാനും ഓട്ടിസം ബാധിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
ഗർഭകാലത്ത് ചില ഭക്ഷണങ്ങൾ കഴിച്ചാൽ കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് . ഈ കണ്ടെത്തൽ കാതലായ മാറ്റങ്ങൾക്ക് നന്ദി കുറിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗർഭിണികൾ മാസത്തിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പിന്തുണയുള്ള ഒരു പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. മത്സ്യത്തിൽ പ്രകൃതിദത്തമായ ഒമേഗ-3 ഫാറ്റി ആസിഡുകളും അയഡിൻ, ഇരുമ്പ്, സിങ്ക് എന്നിവ പോലുള്ള മറ്റ് പ്രധാന പോഷകങ്ങളും ഉള്ളതുകൊണ്ടാകാം ഇതിന് കാരണം. ഇത് കുഞ്ഞിൻറെ തലച്ചോറിനും സംസാരത്തിനും കേൾവി ശക്തിക്കും അത്യന്താപേക്ഷിതമാണ്.
ഗർഭിണികളായ 25 ശതമാനം സ്ത്രീകളും മത്സ്യം കഴിക്കുന്നില്ലെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഓട്ടിസം സ്പെക്ട്രൽ ഡിസോർഡർ (ASD) എന്നത് ഗർഭാവസ്ഥയിൽ ഉരുത്തിരിയുന്ന ഒരു വൈകല്യമാണ്. ഓട്ടിസം വരുന്നതിനുള്ള കാരണങ്ങൾ പൂർണമായും കണ്ടെത്താൻ ശാസ്ത്രലോകത്തിനായിട്ടില്ല. ഡ്രെക്സൽ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ 4000 സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് പഠന റിപ്പോർട്ട് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചത്.
Leave a Reply