ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കെയർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പലരും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പത്തിൽ ഒരാൾക്ക് പതിവായി ഭക്ഷണം കഴിക്കാനോ ഹീറ്ററുകൾ ഉപയോഗിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഈ മേഖലയിൽ ഉള്ള ആൾക്കാരിൽ നടത്തിയ പഠനത്തിൽ കാണിക്കുന്നു.
കെയർ മേഖലയിൽ ജോലി ചെയ്യുന്ന പത്തിൽ ഒരാൾ കടുത്ത ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്നതായുള്ള കണ്ടെത്തലുകൾ കാരേഴ്സ് യുകെ ആണ് പ്രസിദ്ധീകരിച്ചത്. പരിചരിക്കുന്ന നിരവധി പേർ ശമ്പളം ലഭിക്കാതെ ദാരിദ്ര്യത്തിലാണ് കഴിയുന്നത് വളരെ അസ്വസ്ഥവും ഞെട്ടിക്കുന്നതുമാണ് എന്ന് കാരേഴ്സ് യുകെയുടെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്സ് ഡയറക്ടർ എമിലി ഹോൾഷൗസെൻ പറഞ്ഞു. എൻഎച്ച്എസിൻ്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഒരു പരുധിവരെ കാരണമാകുന്നത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സമർപ്പണവും അർപ്പണബോധവുമാണ്. എന്നാൽ അവരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്നതിനായി ഒരു ദിവസം 600 പേരെങ്കിലും ജോലി ഉപേക്ഷിക്കുന്നതായാണ് കാരേഴ്സ് യുകെ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരക്കാർക്ക് നൽകുന്ന അലവൻസ് ആഴ്ചയിൽ 151 പൗണ്ട് മാത്രമാണ്. കെയറർ അലവൻസിന്റെ കുറവാണ് പലരെയും കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും ശമ്പളം ലഭിക്കാത്ത കെയറർമാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Leave a Reply