ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നീണ്ട കാത്തിരിപ്പ് സമയങ്ങളും, സുപ്രധാന ചികിത്സകൾ ലഭിക്കുന്നതിനുള്ള കാലതാമസവുമെല്ലാം ഇംഗ്ലണ്ടിലെ എൻ എച്ച് എസിന്റെ അതിശോചനീയമായ അവസ്ഥയാണ് കാണിക്കുന്നതെന്ന് സർക്കാർ ചുമതലപ്പെടുത്തിയ സ്വതന്ത്ര അന്വേഷണത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുകയാണ്. എൻ എച്ച് എസ് സർജനായ ലോർഡ് ഡാർസിയുടെ 9 ആഴ്ചത്തെ അവലോകനത്തിനു ശേഷമുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആരോഗ്യ സേവനത്തിലെ വീഴ്ചകൾ കണ്ടെത്തി സ്വതന്ത്രമായ റിപ്പോർട്ട് തയ്യാറാക്കുവാൻ ലേബർ സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ അവസ്ഥയിൽ ആയിരിക്കുന്ന ഒരു ആരോഗ്യ സേവനത്തിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് തുറന്നുകാട്ടുന്നത്. കഴിഞ്ഞ ലേബർ ഗവൺമെൻ്റിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സർജനായ ഡാർസി, എൻ എച്ച് എസ് ഇപ്പോഴും കോവിഡ് പകർച്ചവ്യാധിയുടെ ആഘാതങ്ങളിൽ നിന്ന് കരകയറിയിട്ടില്ലെന്ന് വ്യക്തമാക്കി.

ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ ഉണ്ടാകുന്ന കാലതാമസം, ആക്സിഡന്റ്& എമർജൻസിയിൽ വൈകുന്ന ചികിത്സ തുടങ്ങിയവയെല്ലാം എൻ എച്ച് എസിന്റെ പരാജയത്തെയാണ് വെളിപ്പെടുത്തുന്നത്. അടിസ്ഥാന കെട്ടിടങ്ങളുടെ അഭാവവും, സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങളുടെ അഭാവവുമെല്ലാം പരാജയത്തിന്റെ വിവിധ കാരണങ്ങളാണ്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എൻ എച്ച് എസിന്റെ സാങ്കേതിക വിദ്യകൾ ഇപ്പോഴും പുരോഗമിച്ചിട്ടില്ലെന്ന് ഡാർസി തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് അനുസരിച്ച് സ്റ്റാഫുകളുടെ എണ്ണം വർധിക്കാത്തതും സാഹചര്യങ്ങളെ രൂക്ഷമാക്കുന്നു. 2012-ലെ കൂട്ടുകക്ഷി ഗവൺമെൻ്റ് അവതരിപ്പിച്ച പരിഷ്‌കാരങ്ങളെ ഡാർസി വിമർശിക്കുന്നുണ്ട്.


റിപ്പോർട്ടിനെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസിനെ ശക്തമായി നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ അദ്ദേഹം നൽകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക് ഉള്ളത്. കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക, രോഗപ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയ്ക്ക് മുൻഗണന നൽകണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നവീകരണത്തിനായി സർക്കാർ ഇനിയും അർത്ഥവത്തായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പ്രതികരിച്ചു. എന്നിരുന്നാലും ലേബർ സർക്കാരിന്റെ മേലെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതാണ് പുതിയ റിപ്പോർട്ട്.