ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുക്രെയ്‌നെതിരെ പ്രയോഗിക്കാൻ ബാലിസ്റ്റിക് മിസൈലുകൾക്ക് പകരമായി റഷ്യ ഇറാനുമായി ചേർന്ന് ആണവ സാങ്കേതികവിദ്യ പങ്കിട്ടിരിക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടനും യുഎസും. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചത്. ആണവായുധത്തിന് ആവശ്യമായ യുറേനിയം ഇറാൻ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ടെഹ്‌റാനും മോസ്‌കോയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണം സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു.

ടെഹ്‌റാൻ മോസ്കോയിലേക്ക് മിസൈലുകൾ വിതരണം ചെയ്യുന്നതിന് പകരമായി റഷ്യ ഇറാനുമായി ആണവ, ബഹിരാകാശ സംബന്ധിയായ സാങ്കേതികവിദ്യ പങ്കിടുന്നുണ്ടെന്ന മുന്നറിയിപ്പ് യുകെയിലെ ഡേവിഡ് ലാമിയുമായി ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. വർദ്ധിച്ചുവരുന്ന ഈ സഹകരണം ആഗോള അരക്ഷിതാവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് വർദ്ധിപ്പിക്കും. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയും ഇറാൻ യുറേനിയത്തിൻ്റെ ശേഖരം വിപുലീകരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ നാല് അണുബോംബുകൾ നിർമ്മിക്കാൻ പര്യാപ്തമായ അളവിലുള്ള യുറേനിയം ഇറാൻെറ പക്കലുണ്ട്.

ബോംബ് നിർമ്മിക്കാനുള്ള ഇറാൻ്റെ സാങ്കേതിക കഴിവിൻ്റെ നിലവാരം ഇതുവരെയും വ്യക്തമല്ലെങ്കിലും റഷ്യയുടെ സഹായം ഇറാനെ നല്ല രീതിയിൽ സഹായം ചെയ്യും. യുഎസുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായും ഉണ്ടാക്കിയ കരാർ പ്രകാരം ഉപരോധം ഒഴിവാക്കുന്നതിന് പകരമായി ഇറാൻ ആണവായുധ പദ്ധതി നിർത്താൻ 2015 ൽ സമ്മതിച്ചിരുന്നു. എന്നാൽ, 2018ൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കരാർ ഉപേക്ഷിച്ചു. ഇതിന് മറുപടിയായി ഇറാൻ തങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന യുറേനിയം ശേഖരത്തിൻ്റെ പരിധി ലംഘിക്കാൻ തുടങ്ങുകയായിരുന്നു.