ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ നിന്ന് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ എട്ട് പേർക്ക് ദാരുണാന്ത്യം. വടക്കൻ ഫ്രാൻസിലെ ബൊലോൺ-സുർ-മെറിന് സമീപം രാത്രിയാണ് സംഭവം നടന്നത്. എറിത്രിയ, സുഡാൻ, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 60 ഓളം കുടിയേറ്റക്കാരുമായി വന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. രണ്ടാഴ്ച മുൻപ് സമാന സാഹചര്യത്തിൽ ആറ് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ 12 പേർക്ക് ചാനലിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ആംബ്ലെറ്റ്യൂസ് ബീച്ചിലേക്ക് പോകുകയായിരുന്ന കുടിയേറ്റക്കാരെ കൊണ്ടുള്ള ബോട്ട് തിരയിൽപ്പെട്ട് പാറകളിൽ ഇടിക്കുകയായിരുന്നുവെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന റിപ്പോർട്ട് ചെയ്തു. കടൽ തീരത്ത് അതിജീവിച്ച 53 പേർക്ക് എമർജൻസി സർവീസുകൾ ഉടൻ തന്നെ ചികിത്സ നൽകി. എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു. ഹൈപ്പോതെർമിയ ബാധിച്ച ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ബൊലോൺ – സർ-മെർ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് അധികാരികൾ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.
ശാന്തമായ കാലാവസ്ഥ കാരണം ചാനൽ കടക്കാനുള്ള സമീപകാല ശ്രമങ്ങൾ വർദ്ധിച്ചു വരികയാണ്. വെള്ളി, ശനി ദിവസങ്ങളിലായി മാത്രം നാല് വ്യത്യസ്ത ബോട്ടുകളിൽ നിന്ന് 200 പേരെയാണ് ഫ്രഞ്ച് മാരിടൈം അധികൃതർ രക്ഷപ്പെടുത്തിയത്. അടുത്തിടെ നടന്ന എട്ട് മരണങ്ങൾ ഉൾപ്പെടെ, ഈ വർഷം ചാനലിൽ 45 പേർക്കാണ് ജീവൻ നഷ്ടമായത്. ഈ വർഷം 21,000 പേർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്.
Leave a Reply