ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ വിശ്വാസ സമൂഹത്തിന് ഇത് മഹീനയ നിമിഷം .ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പ്രപ്പോസ്ഡ് മിഷനെ സെന്റ് മേരീസ് മിഷനായി പ്രഖ്യാപിച്ചു. ഇടവകയാകുന്നതിന് മുമ്പുള്ള പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.

നാട്ടില്‍ നിന്ന് യുകെയിലെത്തി ഗ്ലോസ്റ്ററില്‍ താമസമാക്കിയ മലയാളി സമൂഹം കഴിഞ്ഞ 20 കൊല്ലമായി പല വൈദീകരുടേയും കീഴില്‍ പലപ്പോഴായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നത്. പിന്നീട് ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ വികാരിയായി എത്തിയ ശേഷം മൂന്നു വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാനയും വേദപഠനവും ആഴ്ചയില്‍ നാലു ദിവസം വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്ന സമൂഹമായി വളര്‍ന്ന സെന്റ് മേരീസ് മിഷന് ഇതൊരു ചരിത്ര നിമിഷം കൂടിയാണ്.

സീറോ മലബാര്‍ സഭയുടെ തലവന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ അനുഗ്രഹത്തോടെ മിഷനായി പ്രഖ്യാപിക്കുക എന്ന ഭാഗ്യവും ഉണ്ടായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വൈകീട്ട് ഏഴേ കാലോടെ രൂപത വികാരി ജനറല്‍ ഫാന്‍സ്വാ പത്തിലും വികാരി ജിബിന്‍ പോള്‍ വാമറ്റത്തിലും ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് എട്ടരയോടുകൂടി മേജര്‍ ആര്‍ച്ച് ബിഷപ്പിന് മെഴുകുതിരി ദീപം കൈമാറിയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ബൊക്ക നല്‍കിയും അല്‍ത്താരയിലേക്ക് സ്വീകരിച്ചു.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും വുമണ്‍സ് ഫോറത്തിലെ അംഗങ്ങളും ചേര്‍ന്ന് പിതാക്കന്മാരെ പള്ളിയിലേക്ക് ആഘോഷപൂര്‍വ്വം വരവേറ്റത്. തുടര്‍ന്ന് ചടങ്ങില്‍ പിതാവിന്റെ സെക്രട്ടറി ഫാ ടോം ഒലിയകരോട്ട് മിഷന്‍ പ്രഖ്യാപന ഡിക്രി വായിച്ചു. ഫാദര്‍ ജിബിന്‍പോള്‍ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.തന്റെ ഗുരുനാഥനായ മാര്‍ തട്ടില്‍ പിതാവിന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സ്വാഗതം ചെയ്തത്. മാര്‍ റാഫേല്‍ തട്ടിലും സ്രാമ്പിക്കല്‍ പിതാവും ഫാ ജിബിനുംട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി ജെയിംസ് എന്നിവരും ചേര്‍ന്ന് നിലവിളക്കു കൊളുത്തി മിഷന്റെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍ പ്രഖ്യാപന ചടങ്ങുകളായിരുന്നു പിന്നീട്.

 

വചന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച വാക്കുകളിലൂടെ പ്രവാസികളായ വിശ്വാസ സമൂഹത്തിന്റെ വചന പ്രഘോഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും മാതൃ സഭയോട് ചേര്‍ന്ന് സഭാ പാരമ്പര്യത്തില്‍ മക്കളെ വളര്‍ത്തികൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓര്‍മ്മിപ്പിച്ചു

നര്‍മ്മം ചാലിച്ച് തന്റെ വാക്കുകളിലൂടെ സഭയോട് ചേര്‍ന്ന് നിന്ന് പാരമ്പര്യത്തേയും വിശ്വാസത്തേയും മുറുകി പിടിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉത്ബോധിപ്പിച്ചു.രണ്ട് പിതാക്കന്മാരുടേയും ആറു വൈദീകരുടെ പ്രാര്‍ത്ഥനയോടൊപ്പമാണ് ചടങ്ങു നടന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന് ആശംസകള്‍ അര്‍പ്പിച്ചു. നമ്മള്‍ വലിയ പിതാവിനായി കാത്തിരിക്കുകയായിരുന്നുവെന്നും വലിയൊരു ദൈവാനുഗ്രമാണ് നമുക്കുണ്ടായിരിക്കുന്നതെന്നും പ്രസംഗ വേളയില്‍ അദ്ദേഹം പറഞ്ഞു. ട്രസ്റ്റി ആന്റണി ജെയിംസ് പിതാക്കന്മാര്‍ക്കും പങ്കുചേര്‍ന്ന മറ്റ് വിശ്വാസകള്‍ക്കുമെല്ലാം നന്ദി പറഞ്ഞു. ജൂബി ബിജോയ് അവതാരികയായിരുന്നു.

ശേഷം ഏവര്‍ക്കും മധുരം വിതരണം ചെയ്തു. പിതാവിനൊപ്പം ഗായക സംഘം , കമ്മറ്റി അംഗങ്ങള്‍, വുമണ്‍സ് ഫോറം തുടങ്ങി ഏവരും ഫോട്ടോകള്‍ എടുത്തു. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹത്തിന് ഇതു സന്തോഷ നിമിഷമായിരുന്നു.ഫാ ജിബിന്‍ പോള്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍ക്കൊപ്പം മുഴുവന്‍ കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ചടങ്ങ് ഗംഭീരമാക്കിയത്.