ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നിലവിൽ സമ്പന്നരായ നാല് ശതമാനം കുടുംബങ്ങൾ മാത്രമാണ് യു കെയിൽ അനന്തരാവകാശ നികുതി അടക്കുന്നത്. എന്നാൽ ലേബർ സർക്കാരിന്റെ ഒക്ടോബർ മാസം അവതരിപ്പിക്കുവാനിരിക്കുന്ന ബഡ്ജറ്റിനെ സംബന്ധിച്ച ആശങ്കകൾ ശക്തമായിരിക്കുകയാണ്. ബഡ്ജറ്റിൽ കനത്ത മാറ്റങ്ങൾ ഉണ്ടായാൽ കൂടുതൽ പേർക്ക് അനന്തരാവകാശ നികുതി അടയ്ക്കേണ്ടി വരുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനന്തരാവകാശ നികുതി ഭൂരിഭാഗം എസ്റ്റേറ്റുകളെയും ബാധിക്കുന്നില്ലെങ്കിലും, ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട നികുതിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഏറ്റവും പുതിയ എച്ച് എം ആർ സി കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ എസ്റ്റേറ്റുകൾ 3.5 ബില്യൺ പൗണ്ട് നികുതിയായി നൽകിയിട്ടുണ്ട്. ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.3 ബില്യൺ പൗണ്ട് കൂടുതലാണ്. സാധാരണയായി ഒരാളുടെ മരണശേഷം, അയാളുടെ നികുതിരഹിത പരിധിക്ക് മുകളിലുള്ള ആസ്തികൾക്കാണ് 40 ശതമാനം അനന്തരാവകാശ നികുതി ചുമത്തപ്പെടുന്നത്. ഒരു എസ്റ്റേറ്റിൻ്റെ വലുപ്പം കണക്കാക്കാനായി നിങ്ങൾ ഏതെങ്കിലും വസ്തുവിന്റെ മോർട്ട്ഗേജുകൾ ഒഴിവാക്കിയുള്ള വില, നിക്ഷേപങ്ങൾ, സമ്പാദ്യം, മറ്റ് ആസ്തികൾ എന്നിവയുടെ മൂല്യം കൂട്ടിച്ചേർക്കേണ്ടതുണ്ട്. അവിവാഹിതനായ ഒരാൾക്ക് 325,000 പൗണ്ട് മൂല്യവും, വിവാഹബന്ധത്തിൽ അല്ലെങ്കിൽ സിവിൽ പങ്കാളിത്തത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് 650,000 പൗണ്ടും വരെ അനന്തരാവകാശ നികുതിക്ക് ബാധകമാവുകയില്ല. ഇതിനെ നിൽ റേറ്റ് ബാൻഡ് എന്നാണ് നിയമങ്ങളിൽ പ്രതിപാദിക്കുന്നത്. എന്നാൽ ഒരാൾക്ക് ഇതിലും കൂടുതൽ മൂല്യമുള്ളവരാണെങ്കിൽ പോലും, സ്വന്തം വീട് തങ്ങളുടെ നേരിട്ടുള്ള പിൻഗാമികൾക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ 175,000 പൗണ്ട് വ്യക്തിഗത അലവൻസ് കൂടി ലഭിക്കും.

എന്നാൽ ഒക്ടോബറിൽ അവതരിപ്പിക്കുന്ന ലേബർ പാർട്ടിയുടെ പുതിയ ബഡ്ജറ്റിൽ കനത്ത മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ കൂടുതൽ പേർക്ക് അനന്തരാവകാശ നികുതി അടയ് ക്കേണ്ടി വരും എന്ന ഭീതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിലവിലെ നികുതിപരിധികൾ വെട്ടി കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ആശങ്കകൾക്ക് ഉള്ള ഉത്തരം ബഡ്ജറ്റിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ.