ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മന്ത്രിമാർക്ക് ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളെ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി നിയമങ്ങൾ കർശനമാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും ഇനി മുതൽ മന്ത്രിമാർ എം പി രജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും. പ്രധാന ലേബർ ഡോണറായ ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനും മറ്റ് ഉന്നത മന്ത്രിമാർക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് ശനിയാഴ്ച ലേബർ പാർട്ടി എംപി റോസി ഡഫീൽഡ് നാടകീയ നീക്കത്തിലൂടെ രാജി അറിയിച്ചിരുന്നു. പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, അധികാരത്തിലും അത്യാഗ്രഹത്തിലും കൂടുതൽ ശ്രദ്ധാലുക്കളാണ് പ്രധാനമന്ത്രിയും സംഘവുമെന്ന് അവർ ആരോപിച്ചു. എംപിമാർ നിലവിൽ അവരുടെ പാർലമെൻ്ററി അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി പരിഗണിക്കുവാൻ 300 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളും ആതിഥ്യമര്യാദയും പ്രഖ്യാപിക്കേണ്ടതുണ്ട്. 28 ദിവസത്തിനുള്ളിൽ പാർലമെൻ്ററി സുതാര്യത രേഖകളിൽ നൽകിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും, സമ്മാനത്തിന്റെ മൂല്യം മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും പട്ടികപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. പാർലമെൻ്റ് ചേരുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ ഈ രേഖകൾ പൊതുവിൽ പ്രസിദ്ധീകരിക്കപ്പെടും. എന്നാൽ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻ്റെ കീഴിൽ കൊണ്ടുവന്ന ചട്ട പ്രകാരം മന്ത്രിമാർക്ക് അവരുടെ സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങൾ മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന അവരുടെ ഡിപ്പാർട്ട്മെന്റ് ഡിക്ലറേഷനുകളിൽ പ്രഖ്യാപിക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ കൃത്യമായ മൂല്യം വ്യക്തമാക്കേണ്ട ആവശ്യകതയുമില്ല.

ഇനിമുതൽ മന്ത്രിമാർക്ക് തങ്ങളുടെ എംപി രജിസ്റ്ററിലും ഇത്തരം സമ്മാനങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സർക്കാരിന് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിമാരും ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തിൽ നിയമങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്ന് എം പി മക്ഫാഡൻ അറിയിച്ചു. ടോറികൾ സൃഷ്ടിച്ച പഴുതിനെ തങ്ങൾ നീക്കുകയാണ് എന്ന തരത്തിൽ ലേബർ പാർട്ടി ഈ തീരുമാനത്തെ അവതരിപ്പിക്കുമ്പോൾ, സമ്മാനങ്ങൾ സ്വീകരിച്ചതു സംബന്ധിച്ച് ഉണ്ടായ വിവാദം നീക്കാനാണ് ഇത്തരമൊരു തീരുമാനം ഇപ്പോൾ ലേബർ പാർട്ടി എടുക്കുന്നതെന്ന് ടോറി ആരോപിക്കുന്നു.