ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തന്റെ ഷിഫ്റ്റിനുശേഷം തിരികെ മടങ്ങുകയായിരുന്ന എൻഎച്ച്എസ് ജീവനക്കാരനെ മനപ്പൂർവ്വം കാറിടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുകയാണ് ബ്രിസ്റ്റോൾ കോടതി. ഇരുപത്താറുകാരനായ ഫിലിപ്പ് ആഡംസ്, ഇരുപത്തിരണ്ടുകാരനായ പാട്രിക് ജെയിംസ് എന്നിവരെയാണ് സെപ്റ്റംബർ 27 ന് ബ്രിസ്റ്റോൾ ക്രൗൺ കോടതിയിലെ ജൂറി കുറ്റക്കാരായി കണ്ടെത്തിയത്. 2020 ജൂലൈ 22നാണ് കേസിനാധാരമായ സംഭവം നടന്നത്. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഹോസ്പിറ്റലിൽ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം തിരികെ നടക്കുകയായിരുന്ന ഇരുപത്തിയഞ്ചുകാരനായ കാറ്റിൻഗുവ ടിജിറ്റെൻഡറോയെയാണ് ഒരു നീല ഹോണ്ട അകോർഡ് കാർ ഇടിച്ചു വീഴ്ത്തിയത്. ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുവരും കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടതായും, ഇതിനിടയിൽ ഇരുവരും ടിജിറ്റെൻഡറോയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉച്ചത്തിൽ വിളിച്ചതായും അദ്ദേഹം കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി. ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ നിന്നുള്ള ആഡംസിന് അദ്ദേഹത്തിൻ്റെ അഭാവത്തിൽ ആറ് വർഷത്തെ തടവ് ശിക്ഷയും, ബ്രിസ്റ്റോളിലെ ലോറൻസ് വെസ്റ്റണിൽ നിന്നുള്ള ജെയിംസിന് എട്ടര വർഷത്തേക്കുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണയിൽ ഉടനീളം കോടതിയിൽ ആഡംസ് ഹാജരായിരുന്നില്ല. ആഡംസ് ദുബായിൽ ഉണ്ടെന്നും എത്രയും വേഗം യുകെയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
മറ്റൊരാളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും ക്രൂരമായ ഒരു കൃത്യമാണ് ഇരുവരും ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇരുവരും തങ്ങൾ ചെയ്ത പ്രവർത്തി ആസ്വദിച്ചതായും കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെയാണ് കഠിന ശിക്ഷയിലേക്ക് കോടതി നീങ്ങിയത്. അപകടത്തിൽ ടിജിറ്റെൻഡറോയ്ക്ക് കനത്ത പരിക്കുകൾ സംഭവിച്ചിരുന്നു. അപകടത്തിനുശേഷം പ്ലാസ്റ്റിക് സർജറി നടത്താൻ തക്ക പരിക്കുകൾ ഉണ്ടായിരുന്നതായും കോടതി വാദം കേട്ടു. തന്റെ മകന് അവസാനം നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടിജിറ്റെൻഡറോയുടെ മാതാവ് കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply