ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കഥകളെ വെല്ലുന്ന യാഥാർത്ഥ്യത്തിന്റെ മുഖമാണ് ഇന്നലെ ന്യൂകാസിൽ ക്രൗൺ കോടതിയിൽ നടന്ന കേസിന്റെ വാദത്തിൽ ചുരുളഴിഞ്ഞത്. ജനറൽ പ്രാക്ടീഷണറായ തോമസ് ക്വാൻ എന്ന അമ്പത്തിമൂന്നുകാരനായ ഡോക്ടർ വ്യാജ കോവിഡ് ബൂസ്റ്റർ ഡോസ് ഉപയോഗിച്ച് തന്റെ അമ്മയുടെ പങ്കാളിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിനെ സംബന്ധിച്ചുള്ള വാദമാണ് ഇന്നലെ കോടതി കേട്ടത്. ഈ വർഷം ജനുവരി 22-ന് ന്യൂകാസിൽ സിറ്റി സെൻ്ററിൽ തന്റെ അമ്മ ജെന്നി ല്യൂങ്ങിൻ്റെ വീട്ടിൽ വച്ച് 71 വയസ്സുള്ള, അമ്മയുടെ പങ്കാളിയായ ഒഹാരയെ കൊലപ്പെടുത്താനാണ് ക്വാൻ ശ്രമിച്ചത്. ദോഷകരമായ പദാർത്ഥം നൽകുവാൻ ശ്രമിച്ചതായി ക്വാൻ കുറ്റസമ്മതം നടത്തിയെങ്കിലും, മനപ്പൂർവ്വം കൊല്ലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന ആരോപണം അദ്ദേഹം കോടതിയിൽ നിഷേധിച്ചു.

കേസിലെ പ്രതിയായ തോമസ് ക്വാൻ, ഈ വർഷം ജനുവരിയിൽ സണ്ടർലാൻഡ് ആസ്ഥാനമായുള്ള ജിപിയുടെ സർജറിയിൽ പങ്കാളിയും, പൊതു പ്രാക്ടീസിൽ ബഹുമാന്യനും പരിചയസമ്പന്നനുമായ ഒരു മെഡിക്കൽ ഡോക്ടറുമായിരുന്നുവെന്ന് കോടതി വാദം കേട്ടു. എന്നാൽ 2023 നവംബർ മുതലോ, അതിനു മുൻപ് തന്നെയോ തൻ്റെ അമ്മയുടെ ദീർഘകാല പങ്കാളിയായ പാട്രിക് ഒഹാര എന്ന മനുഷ്യനെ കൊല്ലാൻ അദ്ദേഹം ഒരു സങ്കീർണ്ണ പദ്ധതി ആവിഷ്കരിച്ചു. തൻ്റെ അമ്മയുടെ മരണശേഷം ക്വാന് അമ്മയുടെ സ്വത്ത് അവകാശമാക്കുന്നതിന് പങ്കാളി ഒരു തടസ്സമായിരുന്നു എന്നതിനെ തുടർന്നാണ് ഇത്തരത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് കോടതി കേട്ടു. ഒരു കമ്മ്യൂണിറ്റി നേഴ്‌സായി വേഷംമാറിയെത്തി, കോവിഡ് ബൂസ്റ്റർ കുത്തിവയ്പ്പ് നൽകാനെന്ന വ്യാജേന അപകടകരമായ വിഷം കുത്തിവയ്ക്കുക എന്നതായിരുന്നു ക്വാന്റെ പദ്ധതി.

എൻഎച്ച്എസ് ഡോക്യുമെൻ്റേഷനുകൾ കെട്ടിച്ചമയ്ക്കൽ, തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കൽ, തെറ്റായ പേര് ഉപയോഗിച്ച് ഹോട്ടലിൽ ബുക്ക് ചെയ്യൽ എന്നിവയെല്ലാം ക്വാന്റെ പ്ലാനിൽ ഉൾപ്പെട്ടിരുന്നു. സ്വന്തം അമ്മയുടെ മുന്നിൽ വച്ച് അവരുടെ പങ്കാളിയെ കൊലപ്പെടുത്താൻ തക്ക മനുഷ്യത്വരഹിതമായ ഒരു പദ്ധതിയായിരുന്നു ഡോക്ടർ പ്ലാൻ ചെയ്തിരുന്നതെന്ന് കോടതി വാദം കേട്ടു. എന്നാൽ ചെറിയ രീതിയിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും, കൊലപ്പെടുത്തുക അല്ലായിരുന്നുവെന്നും ക്വാൻ കോടതിയിൽ വ്യക്തമാക്കി. അമ്മയുടെ സ്വത്തിനെ സംബന്ധിച്ച തർക്കമാണ് ഇത്തരത്തിൽ ചിന്തിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും കോടതി വിലയിരുത്തി. തന്റെ പ്ലാൻ പ്രകാരം ജനുവരിയിൽ രാജ് പട്ടേൽ എന്ന ഒരു കമ്മ്യൂണിറ്റി നേഴ്‌സാണെന്ന് അവകാശപ്പെട്ട് ഇയാൾ ഒഹാരയ്ക്ക് ഇഞ്ചക്ഷൻ നൽകി. തെറ്റായ പേരിൽ സിറ്റി സെൻ്റർ പ്രീമിയർ ഇന്നിൽ താമസിച്ച ക്വാൻ, നീണ്ട കോട്ടും തൊപ്പിയും സർജിക്കൽ ഗ്ലൗസും മെഡിക്കൽ മാസ്കും ടിൻ്റ് ഗ്ലാസും ധരിച്ചാണ് അമ്മയുടെ വീട്ടിലേക്ക് പോയത്. ഇൻജക്ഷൻ നൽകിയ ഉടൻ തന്നെ, ക്വാൻ വേഗത്തിൽ സാധനങ്ങൾ പാക്ക് ചെയ്ത് തിടുക്കത്തിൽ രക്ഷപ്പെട്ടതായും കോടതി വാദം കേട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അത്തരമൊരു എൻഎച്ച്എസ് സ്ഥാപനമില്ലെന്ന് ഒഹാര കണ്ടെത്തിയത്. ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, ഇതിനുള്ള കാരണം കണ്ടെത്തുക ഡോക്ടർമാർക്ക് സാധിച്ചില്ല. എല്ലാ ബയോപ്‌സികളും രക്തപരിശോധനയും നടത്തിയെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന വിഷാംശം തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. ഒഹാര ആഴ്ചകളോളമാണ് തീവ്രപരിചരണത്തിൽ തുടർന്നത്. കേസിനെ സംബന്ധിച്ച വിചാരണ കോടതിയിൽ തുടർന്നു വരികയാണ്.