ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ മുൻ സൈനിക മേധാവി ജനറൽ സർ മൈക്ക് ജാക്‌സൺ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു പ്രായം. 2003 ലെ ഇറാഖ് യുദ്ധത്തിൽ അദ്ദേഹമായിരുന്നു ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്നത്.


40 വർഷത്തിലേറെ കാലം സർ മൈക്ക് ജാക്‌സൺ ബ്രിട്ടീഷ് സൈന്യത്തിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചു. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ആയി ആണ് അദ്ദേഹം വിരമിച്ചത്. ഒരു സേനാ കുടുംബത്തിൽ ജനിച്ച സർ മൈക്ക് ജാക്‌സൺ 1963 -ൽ ആണ് സാൻഡ്‌ഹർസ്റ്റിൽ നിന്ന് ഒരു ഉദ്യോഗസ്ഥനായി സൈന്യത്തിൽ ചേർന്നത്. 1970 -ൽ അദ്ദേഹം പാരച്യൂട്ട് റെജിമെൻറലിൽ ചേർന്നു. 1984 നും 1986 നും ഇടയിൽ റെജിമെൻ്റിൻ്റെ ഒന്നാം ബറ്റാലിയൻ്റെ കമാൻഡറായി. ഇതിനിടയ്ക്ക് വടക്കൻ അയർലണ്ടിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു.


1972 ജനുവരി 30 -ന് ഡെറിയിൽ നടന്ന പൗരവകാശ മാർച്ചിനിടെ 13 റോമൻ കത്തോലിക്കർ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ച സംഭവം വൻ വിവാദമായിരുന്നു. സർ മൈക്ക് ജാക്‌സൺ അന്ന് പാരച്യൂട്ട് റെഗുലേറ്റിൻ്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. വിവാദമായ ഇറാഖ് അധിനിവേശത്തിന് ഒരു മാസം മുമ്പ് ജനറൽ സ്റ്റാഫ് മേധാവിയായി നിയമിക്കപ്പെട്ട അദ്ദേഹം 2006 വരെ ആ റോളിൽ തുടർന്നു.