ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയ :- ചാൾസ് രാജാവിന്റെ ഓസ്ട്രേലിയൻ പാർലമെന്റിലെ പ്രസംഗത്തിനുശേഷം ഓസ്ട്രേലിയൻ സെനറ്ററായ ലിഡിയ തോർപ്പിന്റെ അലറി വിളിച്ചുള്ള പ്രതിഷേധം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. “നിങ്ങൾ എന്റെ രാജാവല്ല” എന്ന ആഹ്വാനത്തോടെ ആയിരുന്നു ഓസ്ട്രേലിയയിലെ ആദ്യത്തെ അബോർജിനൽ സെനറ്റർ ആയ ലിഡിയ തോർപ്പ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ ചാൾസ് രാജാവ് പാർലമെന്റിനെ അഭിമുഖീകരിച്ച് പ്രസംഗിച്ച ശേഷമാണ് തോർപ്പിന്റെ പ്രതിഷേധം. ചാൾസിനെതിരെ വംശഹത്യ ആരോപണവും അവർ ഉന്നയിച്ചു. എന്നാൽ സംഭവത്തെ സംബന്ധിച്ച പരാമർശങ്ങൾ ഒന്നും ഇല്ലാതെ ചടങ്ങുകൾ അവസാനിക്കുകയും, രാജ ദമ്പതികൾ തങ്ങളെ അഭിവാദ്യം ചെയ്യുവാൻ പുറത്ത് കാത്തുനിന്ന നിരവധി ജനങ്ങളെ കാണുകയും ചെയ്തു.
ഓസ്ട്രേലിയ പാർലമെന്ററി ജനാധിപത്യ രാജ്യമായി തുടരുന്നെങ്കിലും, രാഷ്ട്രത്തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജാവാണ്. “നിങ്ങൾ ഞങ്ങളുടെ ജനതയെ വംശഹത്യ നടത്തി, ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ, – ഞങ്ങളുടെ അസ്ഥികൾ, ഞങ്ങളുടെ തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ. നിങ്ങൾ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു, ഞങ്ങൾക്ക് ഒരു ഉടമ്പടി തരൂ, ഞങ്ങൾക്ക് ഒരു ഉടമ്പടി വേണം” എന്ന ആവശ്യമാണ് തന്റെ പ്രതിഷേധത്തിൽ ലിഡിയ ഉന്നയിച്ചത്. വിക്ടോറിയൻ സംസ്ഥാനത്ത് നിന്നുള്ള സെനറ്ററാണ് ലിഡിയ. ന്യൂസിലാൻഡിൽ നിന്നും മറ്റ് മുൻ ബ്രിട്ടീഷ് കോളനികളിൽ നിന്നും വ്യത്യസ്തമായി, ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനങ്ങളുമായി ഒരു ഉടമ്പടി ഇതു വരെയും സ്ഥാപിക്കപ്പെട്ടിട്ടില്ല.
ബക്കിങ്ഹാം കൊട്ടാരം അധികൃതർ ഇതുവരെയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ആരോഗ്യ വെല്ലുവിളികൾ നേരിടുമ്പോഴും, രാജാവിന്റെ ഓസ്ട്രേലിയൻ സന്ദർശനവും പ്രവർത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. പാർലമെന്റിലെ സംഭവത്തിന് ശേഷം, സാമ്രാജ്യത്വ വിരുദ്ധ പ്രസിദ്ധീകരണമായ ദി സൺഡേ പേപ്പറിൻ്റെ സഹ എഡിറ്ററായ മാറ്റ് ചുൻ സൃഷ്‌ടിച്ച ചാൾസിൻ്റെ തല വെട്ടിമാറ്റിയ ഒരു കാർട്ടൂൺ ലിഡിയ തോർപ്പ് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. മുൻപും ഇത്തരത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ പ്രതിഷേധങ്ങൾക്ക് ലിഡിയ നേതൃത്വം നൽകിയിട്ടുണ്ട്.
Leave a Reply