ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ 29 ന് സൗത്ത്‌പോർട്ടിലെ ഡാൻസ് ക്ലാസിൽ ഉണ്ടായ കത്തിക്കുത്തിൽ മൂന്ന് പെൺകുട്ടികളായ – ബെബി കിംഗ്, എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലിസ് ഡ സിൽവ അഗ്വിയർ എന്നിവരെ കൊലപ്പെടുത്തിയ 18 കാരനായ ആക്‌സൽ റുഡകുബാനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകശ്രമം, കത്തി കൈവശം വച്ചതുൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്. കൂടാതെ, ബയോളജിക്കൽ വെപ്പൺസ് ആക്റ്റ് 1974 പ്രകാരം അപകടകരമായ ജൈവ വിഷവസ്തുവായ റിസിൻ ഉൽപ്പാദിപ്പിച്ചതിനും അൽ-ഖ്വയ്ദ പരിശീലന മാനുവൽ കൈവശം വച്ചതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് ടെററിസം ആക്റ്റ് 2000 പ്രകാരം തീവ്രവാദ സഹായമായി കണക്കാക്കപ്പെടും.
ലങ്കാഷെയറിലെ ബാങ്ക്സിലുള്ള റുഡകുബാനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റിസിനും പരിശീലന മാനുവലും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആക്രമണം നടന്ന സ്ഥലത്ത് റിസിൻെറ അംശം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ നിന്നുള്ള ഡോ. രേണു ബിന്ദ്രയും ആക്രമണ സഥലത്ത് റിസിൻ വിഷബാധയ്ക്ക് തെളിവുകളില്ലെന്ന് സ്ഥിരീകരിച്ചു. കൗണ്ടർ ടെററിസം പോലീസിൻ്റെ ഇടപെടൽ ഉണ്ടെങ്കിലും സംഭവത്തെ തീവ്രവാദമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു തെളുവും കൂടി സ്വീകരിക്കാൻ ഉണ്ടെന്നാണ് പോലീസ് ഇതിനെ പറ്റി പ്രതികരിച്ചത്.
ആക്രമണം നടത്തിയ സ്ഥലത്തെ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടരുമെന്ന് മെഴ്‌സിസൈഡ് പോലീസിലെ ചീഫ് കോൺസ്റ്റബിൾ സെറീന കെന്നഡി പറഞ്ഞു. ജനുവരിയിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് റുഡകുബാനയുടെ വിചാരണ നടക്കുക. ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ, ഡൗണിംഗ് സ്ട്രീറ്റ് നീതി ഉറപ്പാക്കുമെന്നും പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുന്നതിനായി പോലീസും പ്രോസിക്യൂട്ടർമാരെയും അക്ഷീണം പ്രവർത്തിക്കുകയായിരുന്നു എന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
Leave a Reply